p

കൊച്ചി: ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്ക് പദ്ധതി ആവിയായതോടെ പ്രദേശത്തെ 11 കുടുംബങ്ങളിലെ 44 മനുഷ്യരുടെ ജീവിതം നരകതുല്യം. രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ കസേരയിൽ ഇരുത്തി ചുമക്കണം. 95വയസുള്ള ജാനകിയമ്മ ഉൾപ്പെടെ ഇവിടത്തെ വയോജനങ്ങൾ പുറംലോകം കണ്ടിട്ട് നാളുകളായി.

സ്ഥലം ഏറ്റെടുത്തപ്പോൾ ഒറ്റപ്പെട്ടുപോയ ഈ കുടുംബങ്ങൾക്ക് സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു. 2005 ലാണ് ആമ്പല്ലൂർ പഞ്ചായത്ത് 16-ാം വാർഡിൽപ്പെട്ട കണ്ടത്തുവെളിയിൽ പുഞ്ചപ്പാടം ഉൾപ്പെടെ 100ഏക്കർ നിലം സർക്കാർ ഏറ്റെടുത്തത്. പദ്ധതി ഉപേക്ഷിച്ചതോടെ കണ്ടൽകാട് വളർന്നുപന്തലിച്ച് പ്രദേശം പാമ്പുകളുടെയും ക്ഷുദ്രജീവികളുടെയും വിഹാരകേന്ദ്രമായി.

പുത്തൻകാവ്- കാഞ്ഞിരമറ്റം റോഡിൽ പൂത്തോട്ട പാലത്തിനടുത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. പ്രധാനറോഡിൽ നിന്ന് പ്രവേശിക്കുന്ന ഭാഗം സർക്കാർ ഏറ്റെടുത്തതിനാൽ നല്ലൊരു നടപ്പാതപോലും ഇല്ലാതായി. ചെറിയ വള്ളങ്ങൾ പോകുന്ന കൈത്തോടുകളായിരുന്നു ആശ്രയം. കണ്ടൽ ചെടികൾ വളർന്നും പായൽ മൂടിയും അവ ഏതാണ്ട് പൂർണമായും അടഞ്ഞു. മഴക്കാലത്തും വേമ്പനാട്ട് കായലിലെ വേലിയേറ്റ സമയത്തും പലവീടുകളിലും വെള്ളം കയറും. റോഡ് സൗകര്യമില്ലാത്തതുകൊണ്ട് വീട് പുതുക്കിപ്പണിയാനോ വെള്ളം കയറാത്തരീതിയിൽ മണ്ണിട്ട് ഉയർത്താനോ സാധിക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞാൽ ജനപ്രതിനിധികളാരും കുട്ടികൾ ഉൾപ്പെടെയുള്ള 44 മനുഷ്യജന്മങ്ങളെക്കുറിച്ച് ഓർക്കുക പോലുമില്ല.

 ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക്

2005ൽ 600കോടി മുടക്കിൽ 10,000 പേർക്ക് തൊഴിലവസരം വാഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാർ ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്ക് പ്രഖ്യാപിച്ചു.

2010ൽ വി.എസ്. സർക്കാർ ഭൂമി ഏറ്രെടുക്കൽ നടപടി ആരംഭിച്ചു.

540 കർഷകരിൽ നിന്ന് 334 ഏക്കർ ഏറ്റെടുക്കുകയെന്ന ലക്ഷ്യം പിന്നീട് 100ഏക്കറായി പരിമിതപ്പെടുത്തി

സെന്റിന് 60,000രൂപ നിരക്കിൽ 107 പേരിൽ നിന്ന് സ്ഥലം ഏറ്റെടുത്തെങ്കിലും പലർക്കും പണം കിട്ടിയില്ല.

രാഷ്ട്രീയസ്വാധീനമുള്ള 12പേർക്ക് 100ശതമാനവും 8 പേർക്ക് 50ശതമാനവും പണം ലഭിച്ചു. ബാക്കി 87 പേരുടെ സ്ഥലത്തിന്റെ ആധാരം വാങ്ങിവച്ചതല്ലാതെ പണം നൽകിയില്ല.

ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്. ചെറിയ വാഹനങ്ങൾക്കെങ്കിലും കടന്നുവരാവുന്ന റോഡ് നിർമ്മിച്ച് നൽകണം. അല്ലെങ്കിൽ സർക്കാർ ഏറ്റെടുത്ത റോഡരികിലെ സ്ഥലത്ത് പുന:രധിവാസ പദ്ധതിയുണ്ടാകണം""

കെ.പി, കണ്ടത്തുവെളിയിൽ

ഗായകൻ.