അങ്കമാലി: ദേശീയപാതയിൽ ടെൽക്ക് ബസ് സ്റ്റോപ്പിനും മേക്കാട് റോഡിനും ഇടയിൽ നടപ്പാത തടസപ്പെടുത്തി വഴി വാണിഭക്കാർ അനധികൃതമായി സ്ഥാപിച്ച ഷെഡുകൾ അപകടസാദ്ധ്യതയുണ്ടാക്കുന്നുവെന്ന് നാട്ടുകാർ. മാർട്ടിൻ ഡി പോറസ് പള്ളിയിലെ തിരുനാളിന് വളരെ മുമ്പ് തന്നെ വഴിവാണിഭക്കാരും ബജി കടക്കാരും ഈ ഭാഗത്ത് യാത്രാ തടസമുണ്ടാക്കുംവിധം റോഡ് കൈയേറിയിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ്, ഡിപോൾ ഹയർസെക്കൻഡറി സ്കൂൾ, ഡിസ്റ്റ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം ഉപയോഗിക്കുന്ന തിരക്കുള്ള ഈ ഭാഗത്തെ നടപ്പാത കൈയേറി ഷെഡ് കെട്ടിയിട്ട് 3 ദിവസമായെങ്കിലും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ബജി വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതും യാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മുൻവർഷങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തിയിട്ടും അധികാരികൾ കണ്ണടച്ചതാണ് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.