matf
ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കാതെ കിടക്കുന്ന കുമ്പളം മാർക്കറ്റ് കെട്ടി​ടം

മരട്: കുമ്പളത്തെ മത്സ്യമാർക്കറ്റിന് ഉടനെയെന്നും ശാപമോക്ഷമാകില്ല. ഉദ്ഘാടനം രണ്ടുവർഷംമുമ്പ് കൊട്ടിഘോഷിച്ച് നടത്തിയിരുന്നെങ്കിലും കുമ്പളം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥകാരണം കരാറുകാർ ഒഴിഞ്ഞുപോകുകയാണെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്. കുമ്പളം പഞ്ചായത്ത് രണ്ടുതവണ ടെൻഡർ വിളിച്ചിട്ടും ഏറ്റെടുക്കാനാളില്ലായിരുന്നു.

ഇതിനിടെ മാർക്കറ്റ് കെട്ടിടത്തിന്റെ മുകൾഭാഗം അടച്ച് കെട്ടിയെടുത്തിട്ടുള്ളത് (എം.സി​.എഫ്) അജൈവ മാലിന്യസംഭരണ കേന്ദ്രത്തിനായിട്ടാണ്. പഞ്ചായത്ത് ശേഖരിക്കുന്ന കഴുകിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനുള്ള കേന്ദ്രമായി ഈ കെട്ടിടം മാറ്റാനുള്ള നീക്കത്തിലാണ്. ഇതിനെതിരെ വിമർശനമുയരുന്നുണ്ട്.

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികൾക്കായി കുമ്പളത്ത് നിർമ്മിച്ച ജീവനോപാധി സംരക്ഷണകേന്ദ്രം 202l ജനുവരിയിൽ അന്നത്തെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് പഞ്ചായത്തിന് കൈമാറുകയായിരുന്നു. സർക്കാരി​ന്റെ പ്ലാൻഫണ്ട് ഉപയോഗിച്ച് സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മിച്ചത്. തുടർന്ന് പഞ്ചായത്തി​ന് കൈമാറി​. അരൂർ-ഇടപ്പള്ളി ദേശീയപാതയോരത്ത് കുമ്പളം സൗത്ത് ജംഗ്ഷനിൽ കായലിനോടുചേർന്ന ഒരേക്കറോളം ഭൂമിയിലാണ് മാർക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇത് കുമ്പളം, പനങ്ങാട്, ചേപ്പനം, ചാത്തമ്മ, നെട്ടൂർ എന്നീ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുമായിരുന്നു.

നിലവിൽ പ്രദേശത്തെ തൊഴിലാളികൾ അരൂർ, തേവര, ചമ്പക്കര എന്നിവിടങ്ങളിലെ മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്. കുമ്പളം കായലിലൂടെ ചെല്ലാനത്തേക്ക് കുടിവെള്ള പൈപ്പിടുന്നതിനായി ഡ്രഡ്ജ് ചെയ്യുന്നതിനിടെ നീക്കംചെയ്ത എക്കൽ അടിഞ്ഞ് രൂപപ്പെട്ട ഒരേക്കർ ഭൂമിയാണ് മത്സ്യമാർക്കറ്റായി മാറ്റിയെടുത്തത്.

മാർക്കറ്റ് തുടങ്ങുവാനുള്ള ശ്രമത്തിലാണ്. മത്സ്യത്തൊഴിലാളി സംഘങ്ങളുമായി ചർച്ച നടത്തി കൊണ്ടിരിക്കുന്നു. ഉടൻ നടപടി ഉണ്ടാകും. മാർക്കറ്റിനു മുകൾവശം എം.സി.എഫ് തുടങ്ങാനുള്ള പദ്ധതിയുണ്ട്

കെ. എസ്. രാധാകൃഷ്ണൻ

കുമ്പളം പഞ്ചായത്ത് പ്രസിഡന്റ്

മാർക്കറ്റ് നടത്താൻ നേരത്തെ ടെൻഡർ വിളിച്ചെങ്കിലും ആരും വന്നില്ല. തുടർന്ന് ഒരാൾ വന്നെങ്കിലും അയാൾ നടത്തിയില്ല. പഞ്ചായത്ത് മുൻകൈയെടുത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി സംഘങ്ങളോ ധീവരസഭയുമായോ ചർച്ച നടത്തി മാർക്കറ്റ് തുടങ്ങുവാൻ നടപടി എടുക്കണം.

എം.എം. ഫൈസൽ

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ