പറവൂർ: ദേശീയപാതയിൽ കൂനമ്മാവ് അടിക്കുളം മാർക്കറ്റിന് സമീപം ചെമ്മായം റോഡുമായി ബന്ധിപ്പിച്ച് അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിൽ ദേശീയപാത നിർമ്മാണ മേഖല വേലികെട്ടി തടഞ്ഞ് പ്രതിഷേധിച്ചു. ദിവസവും നിരവധിപേർ യാത്ര ചെയ്യുന്ന ചെമ്മായം - കോട്ടുവള്ളി റോഡ് അടച്ചുകെട്ടിയാണ് പാത നിർമ്മിക്കുന്നത്. അടിപ്പാതക്കായി നിയമനടപടി സ്വീകരിക്കാൻ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. കൂനമ്മാവ് പള്ളിപ്പടി -പള്ളിക്കടവ് റോഡിലും അടിപ്പാത നിർമ്മിക്കണം. അവഗണന ഉണ്ടായാൽ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് അടിപ്പാതയുടെ ആവശ്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.