sugatha

കൊച്ചി: പരിസ്ഥിതിയുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പോരാടിയ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് 90 വൃക്ഷത്തൈകൾ നട്ട് തുടക്കമായി. തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ വളപ്പിൽ പാരിജാതത്തൈ നട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മിസോറാം മുൻ ഗവർണറും സുഗതനവതി ആഘോഷസമിതി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ആമുഖപ്രഭാഷണം നടത്തി. തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ, ആർക്കിടെക്ട് പദ്മശ്രീ ജി. ശങ്കർ എന്നിവർ ആശംസകൾ നേർന്നു. റിഫൈനറി ചീഫ് ജനറൽ മാനേജർ ജോർജ് തോമസ് സ്വാഗതവും ആഘോഷസമിതി ജനറൽ കൺവീനർ ബി. പ്രകാശ്ബാബു നന്ദിയും പറഞ്ഞു. സുഗതകുമാരി രചിച്ച ഒരുതൈനടാം എന്ന കവിതയെ അടിസ്ഥാനമാക്കി റിഫൈനറി സ്‌കൂൾ വിദ്യാർത്ഥികൾ നൃത്തരൂപം അവതരിപ്പിച്ചു.

 ഒരു വർഷം നീളുന്ന ആഘോഷം

'സുഗതോത്സവം' എന്ന പേരിൽ ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്ന സുഗതസൂക്ഷ്‌മവനം പദ്ധതിയുടെ സംസ്ഥാതല ഉദ്ഘാടനം ഏഴിന് ഉച്ചയ്ക്ക് 12ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ഉദ്ഘാടനം ചെയ്യും.