
കൊച്ചി: 60 വയസ് കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് അവർ അടയ്ക്കുന്ന അംശാദായം തിരിച്ചുനൽകാനുള്ള പദ്ധതിയുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്.
'പെൻഷൻ ബെനഫിറ്റ് സ്‌കീം' എന്ന ബോർഡിന്റെ ശുപാർശ സർക്കാരിലേക്ക് സമർപ്പിച്ചു.
വർഷങ്ങളായി പണം അടയ്ക്കുന്നവർക്ക് 60 വയസ് പൂർത്തിയാകുമ്പോൾ സർക്കാർ പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. തൊഴിലാളികൾ അടച്ച പണം പെൻഷനാകുന്ന കാലത്ത് തിരികെ നൽകണമെന്ന വ്യവസ്ഥയാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ബോർഡിന്റെ പ്രവർത്തനം ആരംഭിച്ചതുമുതൽ ഇതുവരെയുള്ള അംഗങ്ങളുടെ പട്ടിക കണ്ടെത്തി ജീവിച്ചിരിക്കുന്ന എല്ലാവർക്കും തുക നൽകുകയാണ് ലക്ഷ്യം.നിലവിൽ ബോർഡിന് ഫണ്ടില്ലാത്തതിനാൽ സർക്കാരിന്റെ സഹായം വേണ്ടിവരും. അതിനാണ് സർക്കാരിലേക്ക് ശുപാർശ നൽകിയത്. കൊഴിഞ്ഞുപോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ക്ഷേമനിധിയിലൂടെ ലഭിക്കുന്ന പണത്തിനേക്കാൾ ഏറെ ചെലവാണ് ബോർഡിന് നിലവിലുള്ളത്. 100 രൂപ അംശാദായം വാങ്ങുമ്പോൾ 450 രൂപ ഇൻഷ്വറൻസ് കമ്പനിക്ക് നൽകണം. ഇതുകൂടാതെ നിരവധി പദ്ധതികൾ നടത്തി വരുന്നുണ്ട്.
3,20,000 പേർ പദ്ധതിയിൽ
2024 മാർച്ച് വരെയുള്ള കണക്കുപ്രകാരം 2,40,000 പരമ്പരാഗത മത്സ്യത്തൊഴിലാളികളും 80,000 മത്സ്യ അനുബന്ധ തൊഴിലാളികളുമടക്കം 320,000 പേരാണ് പദ്ധതിയിലുള്ളത്. അംശാദായം കൃത്യമായി അടയ്ക്കുന്നവരും അടയ്ക്കാത്തവരുമുണ്ട്. കുടിശികയടച്ച് അംശാദായം പുതുക്കാതെ കൊഴിഞ്ഞുപോയവരെ കണ്ടെത്തുന്നതും പരിഗണനയിലുണ്ട്.
ക്ഷേമനിധി അംശാധായം
1986 മുതലാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിച്ചത്. ആദ്യം 30 രൂപയായിരുന്നു അംശാദായം. 2008 മുതൽ 2023 വരെ 100 രൂപയായിരുന്നു അംശാദായം. ആഗസ്റ്റിൽ 300 രൂപയാക്കി വർദ്ധിപ്പിച്ചതിൽ മത്സ്യത്തൊഴിലാളികളും യൂണിയൻ നേതാക്കളും പ്രതിഷേധിച്ചിരുന്നു. ഈ തുകയിൽനിന്നാണ് ബോർഡിന്റെ പ്രവർത്തനവും മത്സ്യത്തൊഴിലാളികൾളുടെ മറ്റ് ആനുകൂല്യങ്ങൾക്കുള്ള വിഹിതം കണ്ടെത്തുന്നതും. ഒരുമിച്ചോ ഗഡുക്കളായോ ആണ് അടയ്‌ക്കേണ്ടത്.
ആകെ തൊഴിലാളികൾ: 3,20,000
മത്സ്യത്തൊഴിലാളികൾ: 2,40,000
അനുബന്ധ തൊഴിലാളികൾ: 80,000
അംശാദായത്തുക- 300
അംശാദായം അടച്ചവർക്ക് അത് തിരിച്ചുനൽകണമെന്നതാണ് ബോർഡിന്റെ ആഗ്രഹം. അത് എത്ര ചെറിയ തുകയാണെങ്കിലും. പദ്ധതിക്ക് സർക്കാരിന്റെ സഹായം വേണം
കൂട്ടായി ബഷീർചെയർമാൻ
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്