*മാലിന്യം വളമാകും, പാർക്കിംഗ് എളുപ്പം
കൊച്ചി: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച എറണാകുളം മാർക്കറ്റ് അടുത്തമാസം ഉദ്ഘാടനം ചെയ്യും. നവീകരണ പ്രവർത്തനങ്ങൾ അടുത്തയാഴ്ച പൂർത്തിയാകുമെങ്കിലും മുഖ്യമന്ത്രിയുടെ സൗകര്യം നോക്കിയാവും തീയതി നിശ്ചയിക്കുക.
9,990 ചതുരശ്രമീറ്ററിൽ നാലുനിലകളിലാണ് മാർക്കറ്റ് സമുച്ചയം. നൂറ്റാണ്ടുകൾ പഴക്കമുള്ള മാർക്കറ്റ് പൊളിച്ചുനീക്കി 2022 ജൂണിലാണ് നിർമ്മാണം തുടങ്ങിയത്.
1.63 ഏക്കറിലാണ് നിർമ്മാണം. 72.69 കോടിയാണ് ചെലവ്.
കച്ചവടക്കാരെ പുനരധിവസിപ്പിക്കും
പഴയ മാർക്കറ്റിലുണ്ടായിരുന്ന കച്ചവടക്കാരെ ആദ്യ രണ്ടുനിലകളിലായി പുനരധിവസിപ്പിക്കും. ഗ്രൗണ്ട്, ഒന്നാംനിലകളിലായി പച്ചക്കറി-പഴം വില്പനശാലകളും മത്സ്യ-മാംസ മാർക്കറ്റുകളും പ്രവർത്തിക്കും. മൂന്നാംനിലയിൽ ഓഫീസുകൾ. മാലിന്യസംസ്‌കരണ സംവിധാനങ്ങൾ എന്നിവ ഉണ്ടാകും.
മാലിന്യ സംസ്‌കരണം
മാലിന്യം അവിടെത്തന്നെ സംസ്കരിക്കാൻ മണപ്പാട്ടിപ്പറമ്പ് മാതൃകയിൽ ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റ് സ്ഥാപിക്കും. മണപ്പാട്ടിപ്പറമ്പിലെ, ഒരുടൺമാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റിൽ നിന്നുള്ള വളമാണ് സുഭാഷ് പാർക്കിൽ ഉൾപ്പെടെ ഉപയോഗിക്കുന്നത്. അതേ മാതൃകയിലും വലിപ്പത്തിലുമുള്ള പ്ലാന്റാണ് മാർക്കറ്റിലും സ്ഥാപിക്കുന്നത്. 24 മണിക്കൂറും മാർക്കറ്റ് വൃത്തിയായി സൂക്ഷിക്കും.
മൾട്ടിലെവൽ പാർക്കിംഗ്
മാർക്കറ്റിൽ മൾട്ടിലെവൽ വാഹന പാർക്കിംഗ് സൗകര്യമൊരുക്കും. പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു. കൊച്ചി നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യമാണ് ഇവിടെയൊരുങ്ങുക. 120 കാറുകൾക്കും 100 ബൈക്കുകൾക്കും പാർക്ക് ചെയ്യാനാകും. 24.65 കോടി രൂപയാണ് നിർമ്മാണച്ചെലവ്.
മാർക്കറ്റ് നിർമ്മാണം
ചെലവ്: 72.69 കോടി
ചതുരശ്ര മീറ്റർ: 9,990
1.63 ഏക്കർ
മൾട്ടിലെവൽ പാർക്കിംഗ് ചെലവ്: 24.65 കോടി
പാർക്ക് ചെയ്യാവുന്നവ: കാർ 120, ബൈക്ക് 100
മുഖ്യമന്ത്രിയുടെ തീയതി ഡിസംബറിൽ ലഭിക്കും. അതോടെ മാർക്കറ്റ് തുറക്കും
എം. അനിൽകുമാർ
മേയർ