
കൊച്ചി: തുടക്കത്തിലേ സൂപ്പർ ഹിറ്റായ കൊച്ചി വാട്ടർ മെട്രോയ്ക്കൊരു സവിശേഷതയുണ്ട്. ആകെ ജോലി ചെയ്യുന്ന 190ൽ 105 പേരും വനിതകൾ.
ഇവരിൽ തന്നെ രാജ്യത്തെ ആദ്യ വനിതാ വാട്ടർ മെട്രോ ബോട്ട് മാസ്റ്റർമാരാകാൻ മൂന്നുപേർ കഠിന പരിശീലനത്തിലാണ്. തിരുവനന്തപുരം സ്വദേശി ആർ.എസ്. ലക്ഷ്മി (24), കൊല്ലത്തെ എ. അരുണിമ (23), ആലപ്പുഴക്കാരി എസ്. സ്‌നേഹ (22) എന്നിവരാണിവർ. ആറ് മാസമായി മെട്രോ ബോട്ടിലാണ് പരിശീലനം.
ഇലക്ട്രോണിക്‌സ് - ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള ഇവർക്ക് ഡോക്കിംഗ് ലാസ്‌കർ ലൈസൻസായി. രണ്ടു വർഷം കഴിയുമ്പോൾ സ്രാങ്ക് ലൈസൻസും കിട്ടും. അതോടെ വാട്ടർ മെട്രോ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യാം.
30 ലക്ഷം യാത്രക്കാരെന്ന സ്വപ്‌ന നേട്ടവും കടന്ന് കുതിക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. 2023 ഏപ്രിലിൽ ആരംഭിച്ച വാട്ടർ മെട്രോ സർവീസിന് എട്ട് സ്റ്റേഷനുകളാണുള്ളത്.
105 അംഗ വനിതാ സംഘം
ബോട്ട് ഓപ്പറേഷൻസ് ട്രെയിനികൾ മൂന്നു പേർ. ഹൗസ് കീപ്പിംഗിൽ 33, ടിക്കറ്റിംഗിൽ 45, കസ്റ്റമർ കെയറിൽ മൂന്ന്, സുരക്ഷാ ജീവനക്കാർ 18, സൂപ്പർവൈസർ രണ്ട്, ഗാർഡ്നർ ഒന്ന് എന്നിങ്ങനെയാണ് വനിതാ ടീം. സുരക്ഷാ വിഭാഗത്തിൽ ഒഴികെ കുടുംബശ്രീ കരാർ ജീവനക്കാർ.
30 ലക്ഷം
10 റൂട്ടുകളിൽ 18 മാസം കൊണ്ട് 30 ലക്ഷം യാത്രക്കാർ വാട്ടർ മെട്രോ ഉപയോഗിച്ചു. 17 ബോട്ടുകളുണ്ട്
വരുംനാളുകളിൽ കുടുതൽ വനിതകളെ നിയമിക്കും. ഇത്രയേറെ വനിതകളുള്ളത് അഭിമാനകരം.
സാജൻ പി. ജോൺ
സി.ഒ.ഒ, കൊച്ചി വാട്ടർ മെട്രോ
ഒറ്റയ്ക്ക് ബോട്ടോടിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു
അരുണിമ
ബോട്ട് ഓപ്പറേഷൻസ് ട്രെയിനി