മൂവാറ്രുപുഴ: തകർന്ന് തരിപ്പണമായ മാനാറി - കീഴില്ലം റോഡിലൂടെയുള്ള ദുരിത യാത്രയിൽ ആകെ വലഞ്ഞ് പ്രദേശവാസികൾ. കുഴികളിൽ ചാടിച്ചാടിയുള്ള യാത്രയെ തുടർന്ന് വാഹനങ്ങൾ പലതും നാശമായ അവസ്ഥയിലാണ്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ, ത്രിവേണി പള്ളി, ആറളികാവ് എന്നിവിടങ്ങളിലേക്ക് ദിവസവും കുട്ടികളുൾപ്പടെ നൂറുകണക്കിന് ആളുകളാണ് ഇതുവഴി പോകുന്നത്. കൂടാതെ കോതമംഗതത്ത് നിന്ന് കോലഞ്ചേരിക്ക് പോകാവുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡ് കൂടിയാണ് ഇത്.
ഏകദേശം പത്തുസ്ഥലത്ത് റോഡ് പൊളിഞ്ഞ് വലിയ ആഴത്തിലുള്ള കുഴികളായി മാറിയിരിക്കുന്നു. ഏതാനം വർഷം മുമ്പാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. റോഡിന്റെ ഗ്യാരണ്ടി കാലം കഴിയുന്നതിന് മുമ്പേ റോഡ് തകർന്നു കഴിഞ്ഞു. അമിത ഭാരം കയറ്റിയ ടോറസും മറ്റു ലോറികളും ചീറിപ്പാഞ്ഞ് പോകുന്നതാണ് റോഡിന്റെ ദുർഗതിക്ക് കാരണം. നിയമവ്യവസ്ഥ പാലിച്ച് കൊണ്ടുമാത്രമെ പഞ്ചായത്ത് റോഡുകളിൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് പോകാൻ കഴിയൂ എന്നിരിക്കെയാണ് ഇതെല്ലാം ലംഘിച്ച് ടോറസും മറ്റും ഇതിലൂടെ ചീറിപ്പായുന്നത്. ഇരുപതും മുപ്പതും ടൺ ഭാരം കയറ്റിയ വലിയ വാഹനങ്ങളാണ് പ്ലൈവുഡ് കമ്പനികളിലേക്ക് നിരന്തരം എത്തുന്നതും പോകുന്നതും. പഞ്ചായത്ത് അധികാരികൾ ഇത് കണ്ടതായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തകർന്ന് കിടക്കുന്ന മാനാറി- കീഴില്ലം റോഡ് നവീകരിക്കാൻ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി ശ്രമിക്കണം. ഇനിയും റോഡ് തകരാതിരിക്കാൻ ഇതിലൂടെ പോകുന്ന വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം.
കെ.എം.രാജമോഹനൻ
പി.എം. ഷമീർ
(ഭാരവാഹികൾ)
ഭാവന ലൈബ്രറി
മാനാറി
മാനാറി - കീഴില്ലം റോഡിന്റെ ദൂരപരിധി 4.5 കിലോമീറ്റർ
2.3 കിലോമീറ്റർ രായമംഗലം പഞ്ചായത്തിൽ
2.2 കിലോമീറ്റർ പായിപ്ര പഞ്ചായത്തിൽ
രായമംഗലം പഞ്ചായത്തിലെ 2.3 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായതിനാൽ യഥാസമയം നവീകരണം നടക്കുന്നതിനാൽ റോഡ് സഞ്ചാര യോഗ്യമാണ്. എന്നാൽ 2.2 കിലോമീറ്റർ ദൂരം പായിപ്ര ഗ്രാമപഞ്ചായത്തിന് കീഴിലെ പഞ്ചായത്ത് റോഡാണ്. ഈ ഭാഗമാണ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നത്.