sebastian-paul

കൊച്ചി: മൻമോഹൻ സിംഗിന്റെ ആദ്യ യു.പി.എ സർക്കാരിനെ വിശ്വാസവോട്ടെടുപ്പിൽ പിന്തുണയ്ക്കാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് സി.പി.എം സ്വതന്ത്ര എം.പിയായിരുന്ന സെബാസ്റ്റ്യൻ പോൾ. അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് പ്രണബ് മുഖർജിയുടെ ആളുകളെന്നു പരിചയപ്പെടുത്തി രണ്ടുപേർ ഡൽഹിയിലെ വസതിയിൽ താൻ ഒറ്റയ്ക്കായിരുന്നപ്പോൾ എത്തി പണം വാഗ്ദാനം ചെയ്യുകയായിരുന്നു. മലയാളികളായിരുന്നില്ല. വഴങ്ങില്ലെന്നു മനസിലായപ്പോൾ മടങ്ങി. സ്റ്റിംഗ് ഓപ്പറേഷന്റെ കാലമായിരുന്നതിനാൽ കൂടുതലൊന്നും സംസാരിച്ചില്ല. പിറ്റേന്ന് പാർലമെന്റ് സെൻട്രൽ ഹാളിൽ കണ്ടപ്പോൾ അന്നത്തെ പാർലമെന്ററികാര്യ മന്ത്രി വയലാർ രവി ഇക്കാര്യം സ്ഥിരീകരിച്ചു. സ്വതന്ത്രനെന്ന നിലയിൽ പട്ടികയിൽ ഉൾപ്പെട്ടതാണെന്നും ഇനിയാരും സമീപിക്കില്ലെന്നും പറഞ്ഞു. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും സമാജ് വാദി പാർട്ടി നേതാവ് അമർസിംഗും ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നു.

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇടതുമുന്നണിയിലെ രണ്ട് എം.എൽ.എമാരെ കൂറുമാറ്റാൻ 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ഒരു വാരികയിലെഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യൻ പോളിന്റെ വെളിപ്പെടുത്തൽ. തന്റെ ആത്മകഥയിലും ഇതെഴുതിയിട്ടുണ്ടെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് 2008 ജൂലായ് 22ന് സർക്കാരിന് ലോക്‌സഭയിൽ വിശ്വാസവോട്ട് തേടേണ്ടിവന്നത്.

കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ സർക്കാരിന് അനുകൂലമായി വോട്ടുചെയ്യാൻ മാത്രമല്ല, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനും പണം വാഗ്ദാനം ചെയ്‌ത് മറ്റ് എം.പിമാരെയും അവർ സമീപിച്ചിരുന്നു. നിരവധി പേർ ആ വലയിൽ വീണു. അന്നത്തെ ലക്ഷദ്വീപ് എം.പി വോട്ടെടുപ്പിന്റെ തലേന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. സർക്കാരിന് പിന്തുണ പിൻവലിച്ച ഇടതുപക്ഷത്തെ എം.പി എന്ന നിലയ്ക്ക് തനിക്ക് 'വില' കൂടുതലായിരുന്നുവെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.