തൃപ്പൂണിത്തുറ: ഡിജി കേരളം പദ്ധതി ഉദയംപേരൂർ പഞ്ചായത്തിൽ അട്ടിമറിച്ചതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.പി. ഷൈമോൻ മന്ത്രി എം.ബി. രാജേഷ്, ജോയിന്റ് ഡയറക്ടർ, ഡി.ഡി.പി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. വാർഡുതോറും വോളണ്ടിയർമാരെ തീരുമാനിക്കുകയും അവർക്ക് പരിശീലനം നൽകി വീടുകളിൽ നേരിട്ടുചെന്ന് വിവരശേഖരണം നടത്തേണ്ട പദ്ധതിക്ക് പഞ്ചായത്തിൽ സൂക്ഷിച്ചിരുന്ന വോട്ടർപട്ടിക ഉപയോഗിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയായിരുന്നുവെന്നാണ് ആരോപണം. മരണമടഞ്ഞവരും സ്ഥലം മാറിപ്പോയവരും ഇതിൽ ഉൾപ്പെട്ടുവെന്നും തൊഴിലും വിദ്യാഭ്യാസവും പോലും കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും പരാതിയിലുണ്ട്.