കൊച്ചി: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ വ്യാജ പരാതിയിൽ പൊലീസ് കേസെടുത്തതെന്ന് കോർപ്പറേഷൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പറഞ്ഞു. കൊച്ചിൻ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു വിദ്യാർത്ഥികൾക്കൊപ്പം നിലകൊണ്ടതാണ് കാരണം.
ജോസഫ് സ്റ്റാൻലിയും എം.പി. കുഞ്ഞുമുഹമ്മദും തമ്മിലുള്ള വില്പനക്കരാറിൽ സാക്ഷിയായി ഒപ്പിടുക മാത്രമാണ് ചെയ്തത്. 2006 ഏപ്രിൽ 26ന് ജോസഫ് സ്റ്റാൻലിയുടെ വസതിയിൽ അദ്ദേഹം കരാറിൽ ഒപ്പുവയ്ക്കുന്നതി് താൻ സാക്ഷിയാണ്. ഭൂമിയുടെ വിലയായ 20 ലക്ഷം രൂപ ജോസഫ് സ്റ്റാൻലിയുടെ സ്ഥാപനമായ സി.സി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.
ഭൂമിവില്പനനടന്ന് 18 വർഷങ്ങൾക്കുശേഷം തന്നെ പ്രതിചേർത്തു വ്യാജപരാതി നൽകിയതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. 2000 മുതൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന താൻ കക്ഷികളുടെ താത്പര്യപ്രകാരം ഇത്തരം വില്പന കരാറിൽ സാക്ഷിയായി ഒപ്പുവയ്ക്കാറുണ്ട്. ഭൂമി വാങ്ങിയ എം.പി. കുഞ്ഞുമുഹമ്മദിന്റെ ആവശ്യപ്രകാരമാണ് ഇടപാടിൽ സാക്ഷിയായതെന്നും ആന്റണി കുരീത്തറ പറഞ്ഞു.
ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജഒപ്പിട്ട് ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ചാണ് വ്യവസായി പി.എ. ജോസഫ് സ്റ്റാൻലിയുടെ പരാതിയിൽ ആന്റണി കുരീത്തറ ഉൾപ്പെടെ 9 പേർക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തത്. മട്ടാഞ്ചേരി ജീവമാത പള്ളിക്ക് മുൻവശത്തെ സ്ഥലം വ്യാജഒപ്പിട്ട് ആധാരം രജിസ്റ്റർ ചെയ്ത് തട്ടിയെടുത്തെന്നാണ് കേസ്.
ഫോർട്ടുകൊച്ചി തുരുത്തി സ്വദേശിയും കേസിലെ രണ്ടാം പ്രതിയുമായ എംപി. കുഞ്ഞുമുഹമ്മദിന് 2006ൽ 54.5 സെന്റ് സ്ഥലം 20 ലക്ഷം രൂപയ്ക്ക് വിൽക്കുകയും 21 ദിവസത്തിനുശേഷം ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക് ഉയർന്ന തുകയ്ക്കു മറിച്ചു വിൽക്കുകയും ചെയ്തതായാണ് സബ് രജിസ്ട്രാർ ഓഫീസിലുള്ള രേഖകളിൽ കാണുന്നതെന്നും പറയുന്നു.