
കൊച്ചി : സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 97-ാം വാർഷികവും മലയാള ഭാഷാ സമ്മേളനവും സാഹിത്യ നിരൂപകൻ പ്രൊഫ. എം.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
കവി ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
2023ലെ സമഗ്ര സംഭാവനാ പുരസ്‌കാരം സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ നാടകകൃത്ത് സി.എൽ. ജോസിന് സമ്മാനിച്ചു. ചലച്ചിത്ര താരം ജയരാജ് വാര്യരുടെ നേതൃത്വത്തിൽ നർമ്മ മലയാളം പരിപാടിയുണ്ടായിരുന്നു. മകൾ ഇന്ദുലേഖ വാര്യർ കാവ്യാഞ്ജലി അവതരിപ്പിച്ചു.
കവി സമ്മേളനം കവി എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള എക്‌സിക്യുട്ടീവ് അംഗങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് വൈകിട്ട് അഞ്ചിന് സാഹിത്യ പരിഷത്ത് വാർഷിക പ്രഭാഷണം ശശി തരൂർ എം.പി.യും നാളെ നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. എം.കെ. സാനുവും ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. നെടുമുടി ഹരികുമാർ, ടി.എം. എബ്രഹാം, ശ്രീമൂലനഗരം മോഹൻ, പി.യു. അമീർ എന്നിവർ പ്രസംഗിച്ചു.