ആലുവ: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടാറിംഗ് നടത്തി ഒരാഴ്ച പിന്നിടുംമുമ്പേ ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വൻ കുഴി രൂപപ്പെട്ടു. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരി കവലയിലാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയത്. കഴിഞ്ഞ ദിവസം തന്നെ അറ്റകുറ്റപ്പണി നടത്തി കുഴി മൂടിയെങ്കിലും ടാറിംഗ് നടത്തിയിട്ടില്ല. ഉടൻ ടാറിംഗ് നടത്തിയില്ലെങ്കിൽ മഴ പെയ്താൽ കുഴി വലിയ ഗർത്തമായി മാറുമെന്നാണ് നാട്ടുകാരുടെ പരാതി. കാലപ്പഴക്കം ചെന്ന പൈപ്പുകളായതിനാലാണ് സ്ഥിരം ചോർച്ചയുണ്ടാകുന്നത്. വാട്ടർ അതോറിട്ടിയും പി.ഡബ്ല്യു.ഡിയും തമ്മിൽ ഏകോപനമില്ലാത്തതിനാൽ ജലമിഷൻ പൈപ്പ് സ്ഥാപിക്കൽ ഏറെ നീണ്ടതിനെ തുടർന്ന് ടാറിംഗ് ഏറെ വൈകിയിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെട്ടാണ് ബി.എം ബി.സി ടാറിംഗിന്റെ ഭാഗമായ ബി.എം കഴിഞ്ഞയാഴ്ച പൂർത്തീകരിച്ചത്.