 
ആലുവ: കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് സ്വകാര്യ വ്യക്തിയിൽ നിന്ന് പി.ഡബ്ല്യു.ഡി തിരിച്ചെടുത്ത ആലുവയിലെ റെസ്റ്റ് ഹൗസിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മുറികൾ ആവശ്യമുള്ളവർക്ക് ഓൺലൈനിൽ ബുക്ക് ചെയ്യാമെന്ന് പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗം അസി. എൻജിനിയർ പ്രിൻസ് വർഗീസ് അറിയിച്ചു. റെസ്റ്റ് ഹൗസിൻെറ നടത്തിപ്പ് ചുമതല പൊതുമരാമത്ത് ജീവനക്കാർ തന്നെ വഹിക്കും. ഹെറിറ്റേജ് ബ്ളോക്കിലെ സ്യൂട്ട് മുറികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. എയർ കണ്ടീഷൻ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയപ്പോഴും പി.ഡബ്ല്യു.ഡിയുടെ നിയന്ത്രണത്തിലായിരുന്ന രണ്ട് മുറികളും അതേ ബ്ളോക്കിൽ തന്നെയുള്ള മറ്റ് നാല് മുറികളും ആവശ്യക്കാർക്ക് നൽകും. നേരിട്ട് മുറി ബുക്കിംഗ് ഇല്ല. റസ്റ്റോറന്റ് പ്രവർത്തനം നിർത്തിയതിനാൽ ഭക്ഷണം ലഭ്യമല്ല. മുറികളുടെ അറ്റകുറ്റപ്പണിക്ക് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 18നാണ് കരാറുകാരായ മഹനാമി ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് കെട്ടിടം തിരിച്ചെടുത്തത്. 30 വർഷത്തിന് പാട്ടത്തിനെടുത്ത കരാറുകാർ 57 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ പറയുന്നത്. എന്നാൽ തെറ്റായ കണക്കുകളാണ് ഇതെന്ന് നടത്തിപ്പുകാരനായ എൻ.എ. സതീഷ് ആരോപിച്ചിരുന്നു. പി.ഡബ്ല്യു.ഡി നടപടിക്കെതിരെ ഇവർ കോടതിയെ സമീപിച്ചിട്ടുണ്ട്.