thakkudu

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേള ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സാദ്ധ്യമായ എല്ലാ രീതിയിലും വേദികളും പരിസരങ്ങളും മനോഹരമാക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന വേദിയായ മഹാരാജാസിനു ചുറ്റും ചിത്രങ്ങളൊരുക്കുകയാണ് ഒരുകൂട്ടം കുരുന്നുകൾ. കായികമേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവാണ് കുരുന്നുവരകളിലാകെ..

എറണാകുളം ഗേൾസ് യു.പി സ്‌കൂളിലെ അഞ്ച് മുതൽ ഏഴുവരെ ക്ലാസുകളിലെ 15 കുട്ടികളാണ് ചിത്രങ്ങളൊരുക്കുന്നത്. സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് കുട്ടിക്കൂട്ടം മതിലുകളിൽ വർണങ്ങളൊരുക്കുന്നത്.

അനാമിക, ക്ഷേത്ര, അനഘ, ചന്ദ്രലേഖ, അഗ്രീന, ലൈബ, ആരാധ്യ, ശ്രീനന്ദ, കൃഷ്ണ, അനിഷ്വ, ശിവനന്ദ, പ്രിയ, നിധിവേദ, മരിയ എന്നിവർ ഉദ്ഘാടന ദിവസത്തിനു മുമ്പ് ചിത്രരചന പൂർത്തിയാക്കും. തക്കുടുവിനു പുറമേ കൊച്ചിയും സ്‌പോർസും ഒക്കെ വരകളിൽ നിറയും. ആർട്ടിസ്റ്റുമാരായ ആൽഫി വിൽസൺ, പി.ആർ. വൈശാഖ് എന്നിവരാണ് കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നത്.

കുട്ടിക്കൂട്ടത്തിന്റെ ചിത്രരചന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി. ഷിജു, എസ്.എം.സി ചെയർപേഴ്‌സൺ ആശ്യു, സ്‌കൂൾ എച്ച്.എം ടി. ആശ എന്നിവർ നേതൃത്വം നൽകി.