കൊച്ചി: ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണത്തിന്റെ ജോലിക്കായി എത്തിയവർക്ക് നേരെ സാമൂഹിക വിരുദ്ധരുടെ കൈയേറ്റം. കഴിഞ്ഞദിവസം 75ലധികം പേർ നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംഘടിച്ചെത്തി ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നു.
നിലവിൽ 17മുതൽ അത്യാവശ്യ സർവീസ് ഒഴികെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ രൂപരേഖയിലെ തകരാർ മൂലം പാലംനിർമ്മാണം നിറുത്തിവച്ചിരിക്കുകയാണെന്ന പ്രചാരണമുണ്ടായി. തുടർന്ന് ടൂ വീലർ യാത്രക്കാർ ഇവിടേയ്ക്ക് എത്തുകയും ബാരിക്കേടുകൾ തകർക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് കൈയേറ്റശ്രമമെന്നാണ് സൂചന. തൊഴിലാളികൾക്കുനേരെ വീണ്ടും കൈയേറ്റമുണ്ടായാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി നിറുത്തിവയ്ക്കേണ്ടിവരുമെന്ന് കരാറുകാർ പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ്ബെഹ്‌റ പറഞ്ഞു.