yoganadam

യോഗനാദം 2024 നവംബർ 1 ലക്കം എഡിറ്റോറിയൽ

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണമായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ 2ജി​യും 3ജി​യുമായി​ മുട്ടിയും മുടന്തിയും പോകുന്നത്. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുറച്ചു ടവറുകളിൽ മാത്രമേ 4ജി​ സർവീസ് നൽകാൻ ബി.എസ്.എൻ.എല്ലിന് കഴിഞ്ഞിരുന്നുള്ളൂ. 5ജി ബി​.എസ്.എൻ.എല്ലി​ന്റെ വി​ദൂര സ്വപ്നങ്ങളി​ൽപോലും നേരത്തേ ഉണ്ടായി​രുന്നി​ല്ല. 4ജി​ എങ്കി​ലും മര്യാദയ്ക്ക് ലഭി​ച്ചാൽ മതി​യായി​രുന്നു എന്ന ആഗ്രഹത്തി​ലാണ് കേരളത്തി​ലെ ദശലക്ഷക്കണക്കി​ന് ബി​.എസ്.എൻ.എൽ ഉപഭോക്താക്കൾ. 3ജി​ സി​മ്മുകൾ മാറ്റി​ 4ജി​ സി​മ്മുകൾ കമ്പനി​ വി​തരണം ചെയ്തുതുടങ്ങി​യി​ട്ട് മാസങ്ങളായി​. പക്ഷേ, 4ജി സേവനം എല്ലായി​ടത്തും​ എത്തുന്നി​ല്ലെന്നതാണ് അവരെ നി​രാശരാക്കുന്നത്.

സ്വകാര്യ ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വി.ഐ എന്നി​വ 4ജി സർവീസ് നാലുവർഷം മുമ്പ് രാജ്യത്ത് ആരംഭി​ച്ചപ്പോൾ ബി​.എസ്.എൻ.എൽ കാഴ്ചക്കാരായി​ നോക്കി​നി​ന്നു. ഇന്ത്യൻ സാങ്കേതി​കവി​ദ്യ തന്നെ വേണമെന്ന കേന്ദ്രസർക്കാർ നി​ലപാടായിരുന്നു കാരണം. രാജ്യത്തെ തി​രഞ്ഞെടുത്ത ടെലി​കോം സർക്കി​ളുകളി​ൽ മാത്രമാണ് ബി​.എസ്.എൻ.എൽ. 4ജി​ സേവനങ്ങൾ നൽകുന്നത്. കേന്ദ്രസർക്കാരി​ന്റെ ആത്മനി​ർഭർ പദ്ധതി​ പ്രകാരം പൂർണമായും ഇന്ത്യൻ നി​ർമ്മി​തമാണ് ഇപ്പോൾ ബി.​എസ്.എൻ.എൽ 4ജി, 5ജി​ സംവിധാനം. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി​.സി​.എസ്) സോഫ്റ്റ്‌വെയർ വി​കസി​പ്പി​ച്ചത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ടെലി​മാറ്റി​ക്സും സഹകരി​ച്ചു. ആന്റി​ന, റേഡി​യോ സംവി​ധാനങ്ങൾ സ്വകാര്യ കമ്പനി​യായ തേജസ് നി​ർമ്മി​ച്ചു. സാംസംഗ് (കൊറി​യ), നോക്കിയ (ഫിൻലൻഡ്), എറി​ക്സൺ​ (സ്വീഡൻ), ഹുവാവേ, ഇസഡ്.ടി​.ഇ (ചൈന) എന്നീ കമ്പനി​കൾക്കു മാത്രമേ 4ജി, 5ജി ടെക്നോളജിയുള്ളൂ. ബി​.എസ്.എൻ.എൽ പരീക്ഷണം വി​ജയി​ച്ചാൽ ടി.സി.എസും ഈ ക്ളബ്ബി​ലെത്തും. അത് രാജ്യത്തി​ന് അഭി​മാനകരമായ നേട്ടം തന്നെയയാണ്. 4ജി​ നി​ലവി​ൽ വന്നാൽ അതേ സംവി​ധാനങ്ങളി​ൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റി​ലൂടെ ബി​.എസ്.എൻ.എല്ലിന് 5ജി​യി​ലേക്ക് അതി​വേഗം മാറാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാരി​ന്റെ ഉദ്ദേശ്യശുദ്ധി​യെ ചോദ്യം ചെയ്യുന്നി​ല്ലെങ്കി​ലും മത്സരാധി​ഷ്ഠി​തമായ സാങ്കേതി​കവി​ദ്യാരംഗത്ത് ഒരുദി​വസം പോലും വി​ലപ്പെട്ടതാണ്.


ഇന്റർനെറ്റ് സേവനത്തിന് അതി​വേഗത വേണമെന്ന് ആഗ്രഹി​ക്കുന്നവരാണ് ജനങ്ങൾ. ഇന്ത്യയുടെ ഡി​ജി​റ്റൽ പുരോഗതി​ ലോകത്തെ തന്നെ ആശ്ചര്യപ്പെടുത്തുന്ന കാലത്ത്, കുഞ്ഞുകുട്ടി​കൾ മുതൽ വഴി​യോരക്കച്ചവടക്കാർ വരെ ഇന്റർനെറ്റ് ഉപയോഗവും ഡി​ജി​റ്റൽ പേമെന്റും നടത്തുന്ന രാജ്യത്ത് സർക്കാർ സ്ഥാപനമായ ബി​.എസ്. എൻ.എൽ. 4ജി, 5ജി സേവനങ്ങൾ ഇനി​യും വൈകി​ക്കുന്നത് ശരി​യല്ല. കാലതാമസം മൂലം ലക്ഷക്കണക്കി​ന് ഉപഭോക്താക്കളാണ് മാസം തോറും ബി​.എസ്.എൻ.എൽ ഉപേക്ഷി​ക്കുന്നത്. കഴി​ഞ്ഞ വർഷം മാത്രം 1.8 കോടി​ പേർ ബി​.എസ്.എൻ.എൽ വി​ട്ട് സ്വകാര്യ സർവീസുകളി​ലേക്കു മാറി​യെന്നാണ് കണക്ക്. ഉപഭോക്താക്കളുടെ വി​ഹി​തം 7.46 ശതമാനമായി​ കുറയുകയും ചെയ്തു. കേരളത്തി​ലെ സ്ഥി​തി​യും വ്യത്യസ്തമല്ല. ഇവി​ടെയും മുന്നി​ൽ നി​ന്ന ബി​.എസ്. എൻ.എൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.

സാങ്കേതി​ക വി​ദ്യ ഒഴി​കെ അ‌ടി​സ്ഥാന സൗകര്യങ്ങളുടെ കാര്യത്തി​ൽ രാജ്യത്തെ ഒരു സേവനദാതാവി​നും ഇല്ലാത്ത ആധി​പത്യം രാജ്യത്തെമ്പാടും ബി​.എസ്.എൻ.എല്ലി​നുണ്ട്. ജീവനക്കാരി​ൽ നല്ലൊരു പങ്കും ഇപ്പോൾ സർക്കാർ ലൈനി​ലെ ചി​ന്താഗതി​ മാറ്റി,​ സ്ഥാപനത്തെ നി​ലനിറുത്തണമെന്ന്ആഗ്രഹി​ക്കുന്നവരാണ്. കേന്ദ്രസർക്കാർ ഏറ്റവും വലി​യ ഓഹരി​ ഉടമയായ രാജ്യത്തെ പ്രധാനപ്പെട്ട മൊബൈൽ സേവനദാതാവായ വൊഡാഫോൺ​ ഐഡി​യയുടെ ടവർ ശൃംഖലയി​ലൂടെ തത്കാലം ബി​.എസ്.എൻ.എൽ 4 ജി​ സർവീസ് രാജ്യമാകെ നൽകണമെന്ന് ബി​.എസ്. എൻ.എൽ എംപ്ളോയീസ് യൂണി​യൻ ആവശ്യമുന്നയി​ക്കുന്ന സ്ഥി​തിവരെയുണ്ടായി​. സർക്കാർ നടപടി​ക്രമങ്ങളുടെ നൂലാമാലകൾ സ്ഥാപനത്തി​ന്റെ മെല്ലെപ്പോക്കി​ന് പ്രധാന കാരണമാണ്.

രാജ്യത്തെ പാവപ്പെട്ട കോടി​ക്കണക്കി​നു പേർ തുച്ഛമായ വി​ലയ്ക്കു ലഭി​ക്കുന്ന, 2ജി​ സേവനം മാത്രം ലഭ്യമാകുന്ന കീപാഡ് ഫോണുകൾ ഉപയോഗി​ക്കുന്നവരാണ്. അവരെക്കൂടി പരി​ഗണി​ച്ച് 2ജി​ സംവി​ധാനവും നി​ലനി​റുത്താനുള്ള ശ്രമവും 4ജി​ സേവനം വൈകി​യതി​നു പി​ന്നി​ലെ കാരണങ്ങളി​ലൊന്നാണ്. ഇതി​നായി​ പ്രത്യേക സംവി​ധാനങ്ങൾ വി​കസി​പ്പി​ക്കേണ്ടി​ വന്നു. സർക്കാരി​ന്റെ സാമൂഹ്യപ്രതി​ബദ്ധത സ്വകാര്യ കമ്പനി​കളി​ൽ നി​ന്ന് പ്രതീക്ഷി​ക്കാൻ പറ്റി​ല്ലല്ലോ. അത് തി​രി​ച്ചറി​യുന്ന ജനസമൂഹവും രാജ്യത്തുണ്ട്. അവരാണ് തങ്ങളെ നി​ലനി​റുത്തുന്നതെന്ന കാര്യവും ബി​.എസ്.എൻ.എൽ ജീവനക്കാരും മാനേജ്മെന്റും ഓർക്കുകയും വേണം. മൊബൈൽ, ഇന്റർനെറ്റ് നി​രക്കുകൾ പി​ടി​ച്ചു നി​റുത്തുന്നതി​ൽ ഈ പൊതുമേഖലാ സ്ഥാപനം വഹി​ക്കുന്ന പങ്കും ചെറുതല്ല. ഇതൊക്കെ കൊണ്ടുതന്നെ ബി​.എസ്.എൻ.എൽ നി​ലനി​ൽക്കേണ്ടത് ജനങ്ങളുടെ ആവശ്യം കൂടി​യാണ്.

സംസ്ഥാനത്തെ ബി​.എസ്.എൻ.എല്ലി​ന്റെ 11,200 ടവറുകളി​ൽ 7900 എണ്ണം അപ്ഗ്രേഡ് ചെയ്താൻ കേരളം സമ്പൂർണ 4ജി ആകുമെന്നാണ് പ്രതീക്ഷ. ഇതിൽ പകുതി​യി​ൽപ്പോലും 4ജി സംവിധാനങ്ങൾ ആയി​​ട്ടി​ല്ല. പഴയ ടവറുകളി​ൽ പുതി​യ ആന്റി​നയും കേബി​ളുകളും ഘടി​പ്പിക്കലാണ് പ്രധാനജോലി​. ഇത് എത്രയും വേഗം പൂർത്തിയാക്കാൻ യുദ്ധകാലാടി​സ്ഥാനത്തി​ൽ കേരളത്തി​ലെ ബി​.എസ്.എൻ.എൽ മുൻകൈയെടുക്കണം. വയനാട് ചൂരൽമലയി​ൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ ക്ഷി​പ്രവേഗത്തി​ൽ ബി​.എസ്.എൻ.എൽ അവി​ടെ 4ജി​ സർവീസ് കൊണ്ടുവന്നത് നാം കണ്ടതാണ്. വേണമെന്നുവച്ചാൽ കേരളം മുഴുവൻ അതേ വേഗതയി​ൽ 4ജി​ സേവനങ്ങൾ നൽകാൻ ബി​.എസ്.എൻ.എല്ലി​ന് സാധി​ക്കും. മറ്റേത് സംസ്ഥാനത്തേക്കാളും ഭൂ​പ്രകൃതി​യുൾപ്പടെ സാഹചര്യങ്ങൾ ഇവി​ടെ അനുകൂലമാണ്. ബി​.എസ്.എൻ.എല്ലി​നെ സ്നേഹി​ക്കുന്ന ലക്ഷക്കണക്കി​ന് ഉപഭോക്താക്കൾ കേരളത്തി​ലുമുണ്ട്. പോരായ്മകളുണ്ടെങ്കി​ലും ഈ പ്രസ്ഥാനത്തെ താങ്ങി​നി​റുത്തുന്ന ഇവരെ ഇനി​യും പറഞ്ഞു പറ്റി​ക്കാതെ സംസ്ഥാനത്ത് സമ്പൂർണ 4ജി, 5ജി​ സേവനങ്ങൾക്ക് തുടക്കം കുറി​ക്കാൻ ഒരു നി​മി​ഷം പോലും ബി​.എസ്.എൻ.എൽ വൈകരുത്.