ആലുവ: ഹരിത കേരള മിഷന്റെ മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായ എടത്തല അൽ അമീൻ കോളേജിനും എടത്തല എം.ഇ.എസ് എം.കെ മക്കാർ പിള്ള കോളേജിനും ഹരിത കലാലയം അവാർഡ് ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജിയിൽ നിന്ന് അൽ അമീൻ കോളേജ് പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, എടത്തല എം.ഇ.എസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ചെയർമാൻ അഡ്വ. എം. അഹമ്മദ് കുഞ്ഞ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. നേച്ചർ ക്ലബ്, ഭൂമിത്ര സേനാ ക്ലബ്, ഫോറസ്റ്ററി ക്ലബ്, ഊർജ കാര്യക്ഷമ സംവിധാനങ്ങൾ, മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഹരിത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള വിവിധ പരിപാടികൾ നടത്തിയതിനാണ് അവാർഡ്. വിവിധ പഞ്ചായത്തുകളിലെ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ തുടങ്ങിയവ ഹരിത സ്ഥാപനങ്ങളാക്കുന്നതിനാണ് മാലിന്യമുക്ത നവകേരള ക്യാമ്പയിൻ സർക്കാർ ആരംഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി പി. യൂജിൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എൽ. ജെയ്സൺ, വാർഡ് മെമ്പർ ഹസീന ഹംസ, പി.പി. അനിൽകുമാർ, എം. സുരേഷ്, എം.എം. സലിം, ഡോ. ആർ. മുരുകൻ, വി.എം. ലഗീഷ് എന്നിവർ പങ്കെടുത്തു.