കൊച്ചി: വൈപ്പിൻ മുനമ്പം പ്രദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നടപടി വഖഫ് ബോർഡ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഗാന്ധി പീസ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഫറോക്ക് കോളേജിൽ നിന്ന് വിലയ്ക്കുവാങ്ങി എല്ലാ അവകാശങ്ങളോടും കൂടി വർഷങ്ങളായി താമസിച്ചുവരുന്ന വസ്തുവിൽ നിന്ന് വഖഫ് എന്ന പേരിൽ കുടിയൊഴിപ്പിക്കാനുള്ള ശ്രമം നീതീകരിക്കാനാവില്ല. തുടർന്നും കരം അടയ്ക്കുന്നതിനും മറ്റ് അവകാശങ്ങൾ പൂർണമായും അനുഭവിക്കുന്നതിനും നടപടി സ്വീകരിക്കണം. തദ്ദേശവാസികൾ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുമെന്നും ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു.

ഐക്യദാർഢ്യം പ്രഖ്യാപിച്ചു

മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ചും എറണാകുളം സാംസ്‌കാരികവേദി പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. യോഗം സൂസൻ ജോൺ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷനായി. കെ.കെ. വാമലോചനൻ, നോർബട്ട് അടിമുറി, രാധാകൃഷ്ണ കടവുങ്കൽ, ഹിൽട്ടൺ ചാൾസ്, കെ.ജി. രാധാകൃഷ്ണൻ, പി.ജി. മനോജ് കുമാർ. കെ.എ. സുബ്രഹ്മണ്യൻ, ടി.എൻ. പ്രതാപൻ, ഉഷ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.