
കൊച്ചി:പതിവിന് വിരുദ്ധമായി ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ ഉച്ചയ്ക്കുശേഷം നടത്താൻ തീരുമാനിച്ചത് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒരുപോലെ വെട്ടിലാക്കി.
മാർച്ച് ആദ്യവാരം റംസാൻ വ്രതം ആരംഭിക്കും. മൂന്നു മണിക്കൂറോളം നീളുന്ന പരീക്ഷകൾ ഉച്ചയ്‌ക്കു ശേഷം നടത്തുന്നത് റംസാൻ നോമ്പ് ആചരിക്കുന്ന കുട്ടികൾക്ക് പ്രയാസം സൃഷ്ടിക്കും. മൂന്നു ശനിയാഴ്ചകളിൽ പരീക്ഷകളുള്ളത് സെവൻത് ഡേ അഡ്വന്റിസ്റ്റ് വിശ്വാസികളായ വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. കൊടുംചൂടുകൂടിയാകുമ്പോൾ,നോമ്പ് നോക്കുന്ന കുട്ടികൾ കൂടുതൽ ക്ഷീണിതരാവും.
ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളുടെ റാങ്കിംഗിൽ മാർക്ക് നിർണായകമായ ഹയർ സെക്കൻഡറി പരീക്ഷ രാവിലെ നടത്തണമെന്നാണ് ആവശ്യം.
മാർച്ച് മൂന്നിന് ആരംഭിച്ച് 29ന് അവസാനിക്കുന്ന ടൈം ടേബിൾ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. എഴുത്തു പരീക്ഷകൾ ഉച്ചയ്ക്ക് 1.30നാരംഭിച്ച് 4.15ന് അവസാനിക്കും. പ്രാക്‌ടിക്കൽ പരീക്ഷകൾ 1.30 നാരംഭിച്ച് 3.55ന് അവസാനിക്കും.
അദ്ധ്യാപകരും വലയും
പരീക്ഷ കഴിഞ്ഞ്ഉത്തരപ്പേപ്പറുകൾ വേർതിരിച്ച് പായ്ക്ക് ചെയ്യാൻ മണിക്കൂറുകൾ വേണം. ഒരേദിവസം ഒന്നിലേറെ വിഷയങ്ങളിൽ നടക്കുന്ന പരീക്ഷകളുടെ ഉത്തരപ്പേപ്പറുകൾ പ്രത്യേകം പായ്‌ക്ക് ചെയ്യണം. ഉൾപ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് അതതുദിവസം തന്നെ ഉത്തരപേപ്പറുകൾ മൂല്യനിർണയ ക്യാമ്പിലേക്ക് അയയ്ക്കാൻ കഴിയില്ല. അയയ്ക്കാനാകാത്ത ഉത്തരക്കടലാസുകൾ സ്‌കൂളുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതും വിഷമകരമാകും. പരീക്ഷാച്ചുമതയുള്ളവർക്ക് ഉത്തരക്കടലാസ് അയച്ചശേഷമേ സ്‌കൂളിൽ നിന്നിറങ്ങാൻ കഴിയൂ.
`ഉച്ചയ്ക്കുശേഷം പരീക്ഷകൾ നടത്തുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ പരിഗണിച്ച് ടൈം ടേബിൾ പുനക്രമീകരിക്കണം.'
കെ വെങ്കിടമൂർത്തി,
സംസ്ഥാന പ്രസിഡന്റ്
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ