
കൊച്ചി: രാജസ്ഥാൻ ആസ്ഥാനമായ മേഘ്മണ്ഡൽ സൻസ്ഥാന്റെ രാജാ രവിവർമ്മ സമ്മാൻ കേരള ലളിതകലാ അക്കാഡമി ചെയർപേഴ്‌സണും വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്ത് അടക്കം എട്ടു പേർക്ക്.
ജതിൻ ദാസ്, ജി.ആർ. ഇറണ്ണ, ബിമൻ ബിഹാരി ദാസ്, പ്രതുൽ ദാഷ്, നൈന ദലാൽ, ഫർഹാദ് ഹുസൈൻ, ജയ് പ്രകാശ് എന്നിവരാണ് മറ്റ് ജേതാക്കൾ.
തൃശൂർ ജില്ലയിലെ മുല്ലശേരിയിൽ ജനിച്ച മുരളി ചീരോത്ത് കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ കലാപഠനത്തിന് ശേഷം ശാന്തിനികേതനിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കലാകാരൻ, ആക്ടിവിസ്റ്റ്, കലാദ്ധ്യാപകൻ എന്നീ നിലകളിലും പ്രശസ്തനാണ്. കേരള ലളിതകലാ അക്കാഡമി അവാർഡ്, കനോരിയ സ്‌കോളർഷിപ്പ്, സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നാളെ മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ നൽകുമെന്ന് മേഘ് മണ്ഡൽ സൻസ്ഥാൻ സെക്രട്ടറി വിംലേഷ് ബ്രിജ്വാൾ പറഞ്ഞു.