കൂത്താട്ടുകുളം: ജോലിക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് വിളിച്ചു കൊണ്ടുപോയി അന്യ സംസ്ഥാന തൊഴിലാളികളുടെ ബാഗും പണവും തട്ടിയെടുത്തതായി പരാതി. 11,000 രൂപയും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടെന്ന് തൊഴിലാളികൾ പറഞ്ഞു. കൂത്താട്ടുകുളത്ത് നിന്ന് ഇടയാറിലേക്ക് തിരിയുന്ന കവലയ്ക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ടൗണിൽ നിന്നുമാണ് തൊഴിലാളികളെ പുല്ലുപറിക്കാനെന്ന വ്യാജേന വിളിച്ചു കൊണ്ടുപോയത്. വൃത്തിയാക്കേണ്ട സ്‌ഥലം കാണിച്ചുനൽകിയ ശേഷം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ ബാഗ് കൈക്കലാക്കി മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. ഇയാളുടെ സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.