വൈപ്പിൻ: റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം ഭൂസംരക്ഷണ സമിതി നടത്തി വരുന്ന സമരത്തിന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി, കോട്ടപ്പുറം ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, ഡാളി ഫ്രാൻസിസ്, ജോസി ചക്കാലക്കൽ, ഫ്രാൻസിസ് അറക്കൽ, ജോസഫ് നരികുളം, വർഗീസ് കാച്ചപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
കാലാഹരണപ്പെട്ട വഖഫ് നിയമങ്ങൾ ഭേദഗതി ചെയ്ത് തീരദേശ ജനതയെ കുടിയിറക്ക് ഭീഷണിയിൽ നിന്ന് മോചിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെയുള്ള കേസ് ആണെങ്കിലും മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ അടക്കമുള്ള കുടുംബങ്ങൾക്ക് വൈപ്പിൻ മേഖല ജമാ അത്ത് കൗൺസിൽ യോഗം പിന്തുണ പ്രഖ്യാപിച്ചു. വഖഫ് ഭൂമി അന്യായമായി കൈവശം വച്ചിരിക്കുന്ന വൻകിട കൈയേറ്റക്കാർക്കെതിരെ കോടതിയുടെ തീർപ്പ് അനുസരിച്ച് നിലപാട് സ്വീകരിക്കാനും പ്രദേശത്തെ മതസൗഹാർദ്ദ അന്തരീക്ഷം നിലനിർത്താനും ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ വിട്ടു നിൽക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.
എടവനക്കാട് ഫലാനിയ മദ്രസ ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് കെ.കെ. ജമാലുദ്ദീൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.കെ. അഷറഫ്, അൻവർ ഖാലിദ് മൂപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.