കോലഞ്ചേരി: ജൽജീവൻ മിഷൻ പദ്ധതി പാരയാതോടെ കോലാംകുടി മേച്ചിൽ വനം റോഡ് വഴി നടക്കണമെങ്കിൽ സർക്കസ് പഠിക്കണമെന്ന അവസ്ഥയാണ്. റോഡിന്റെ ഒരു വശം താഴ്ത്തി പൈപ്പ് സ്ഥാപിച്ച് പോയതോടെ നിലവിലുണ്ടായരുന്ന റോഡിന്റെ വീതി കുറഞ്ഞതാണ് ദുരിതമായത്. എതിർദിശയിൽ നിന്ന് ഒരു വാഹനം വന്നാൽ സൈഡ് നൽകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. റോഡിൽ നിന്ന് താഴേയ്ക്ക് വാഹനമിറങ്ങിയാൽ താഴ്ന്നു പോവുകയോ മറയുകയോ ചെയ്യും. വിശ്വകർമ്മ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന അങ്കണവാടിയിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. റോഡ് വഴി നടന്നു പോകുന്നതും ബുദ്ധിമുട്ടാണ്. കാറോ മറ്റ് വാഹനങ്ങളോ വന്നാർ റോഡരികിലേയ്ക്ക് മാറാൻ കഴിയാത്ത സ്ഥിതിയാണ്. വെട്ടിപ്പൊളിച്ച റോഡിന്റെ ഭാഗങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.