
കൊച്ചി: ജില്ലയിലെ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ - ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജില്ലയിലെമ്പാടും ഇന്നലെ ഉച്ച മുതൽ ആരംഭിച്ച മഴ രാത്രി വരെ നീണ്ടു. വൈകിട്ട് നാലിനു ശേഷം മണിക്കൂറുകളോളം നിറുത്താതെ പെയ്ത മഴയിൽ ജില്ലയിൽ പലയിടത്തും വെള്ളം കയറി. മഴയ്ക്കിടെ നിറുത്താതെയുണ്ടായ ഇടിയും മിന്നലും ജനങ്ങളിൽ പരിഭ്രാന്തി പടർത്തി.
എം.ജി റോഡ്, ഹൈക്കോർട്ട് ജംഗ്ഷൻ, കണ്ടെയ്‌നർ റോഡ്, വിഡ്‌ലാൻഡ്‌സ് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി പരിസം, പാലാരിവട്ടം, ചെമ്പുമുക്ക്, ഇടപ്പള്ളി, കച്ചേരിപ്പടി എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്കുണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാദ്ധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.
ആലുവ നഗരം വെള്ള കെട്ടിലായി
ആലുവ: കനത്ത മഴയിൽ ആലുവ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ള കെട്ടിലായി. തോട്ടുംമുഖത്ത് പറമ്പിൽ നിൽക്കുന്ന തെങ്ങിന് ഇടിമിന്നലിൽ തീപിടിച്ചു. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ രാത്രി വൈകിയും തുടർന്നു. റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ റോഡിൽ നിന്ന് മഴവെള്ളം കാനയുടെ മുകളിലൂടെ കടകളിലേക്ക് കയറി. പഴയ സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് സ്റ്റോർ, ബാഗ്, തുണി കടകളിലേക്കാണ് വെള്ളം കയറിയത്.