കൊച്ചി: 16കാരനെ ലൈംഗികമായി ഉപദ്രവിച്ചതിന് ക്ഷേത്രജീവനക്കാരന് പൊതിരെ തല്ലും പോക്സോകേസും. കൊച്ചിൻ ദേവസ്വംബോർഡിന്റെ ചേരാനല്ലൂർ കാർത്യായനി ക്ഷേത്രത്തിലെ നാദസ്വരം വാദകനായ വൈക്കം സ്വദേശി ഹരീന്ദ്രൻ ശ്യാമിനെ (35) ചേരാനല്ലൂർ പൊലീസ് അറസ്റ്റുചെയ്തു.
ക്ഷേത്രത്തിൽ പതിവായി എത്തുന്ന കുട്ടിയെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ വച്ച് മൂന്നുമാസത്തിനിടെ രണ്ടുതവണ ലൈംഗികമായി ഉപദ്രവിച്ചതായാണ് സൂചന. കുട്ടിയിൽനിന്ന് വിവരമറിഞ്ഞ് അച്ഛനും അമ്മാവനും ചേർന്ന് സിനിമാ സ്റ്റൈലിൽ ഓപ്പറേഷൻ നടത്തി. ദീപാവലി ദിവസം അർദ്ധരാത്രി കുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് ഹരീന്ദ്രനെ മുറിയിൽനിന്ന് വിളിച്ചിറക്കി ക്ഷേത്രക്കുളത്തിന് സമീപം കൊണ്ടുപോയി ഭേഷായി തല്ലിച്ചതച്ചു. കല്ല് തുണിയിൽ കെട്ടി മർദ്ദിച്ചു. തലയ്ക്കും കൈകാലുകൾക്കും പരിക്കും ദേഹമാസകലം നീരുമുണ്ട്. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു ജീവനക്കാരനും കിട്ടി തല്ല്.
ഇയാളെ എയർപിസ്റ്റൾ ചൂണ്ടി നിറുത്തിയതായും സൂചനയുണ്ട്.
സംഭവമറിഞ്ഞ് ജീവനക്കാരന്റെ ബന്ധു പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. മൂവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം ഹരീന്ദ്രനെയും ക്ഷേത്രജീവനക്കാരനെയും ആശുപത്രിയിലേക്ക് അയച്ചു. മർദ്ദിച്ചവർക്കെതിരെയും കേസെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തല്ലിന്റെ കാരണമറിഞ്ഞത്. തുടർന്ന് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ഹരീന്ദ്രനെ അറസ്റ്റുചെയ്ത് റിമാൻഡിലാക്കി. ഇയാളെ സസ്പെൻഡ് ചെയ്യാൻ ദേവസ്വം ഓഫീസർ ബോർഡിന് കത്തുനൽകി.