കൊച്ചി: നഗരത്തിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിന്റെ മൊബൈൽഫോൺ കവർന്നശേഷം ബ്ലേഡിന് ശരീരത്തിൽ മുറിവേൽപ്പിച്ച കേസിലെ നാലംഗ സംഘത്തെ ആലുവയിൽനിന്ന് എറണാകുളം നോർത്ത് പൊലീസ് പിടികൂടി. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുൽ (21), പ്രായപൂർത്തിയാകാത്ത അരൂർ സ്വദേശി എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് എറണാകുളം നോർത്ത് ഓവർ ബ്രിഡ്ജിന് താഴെവച്ച് ഹോട്ടൽ ജീവനക്കാരനായ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ചത്. ഇയാളുടെ 58,000രൂപ വിലവരുന്ന ആപ്പിൾ ഐ ഫോണാണ് പ്രതികൾ കവർന്നത്. മൊബൈൽഫോൺ തട്ടിയെടുത്തശേഷം ബ്ലേഡുകൊണ്ട് കഴുത്തിലും കൈയിലും മുറിവേൽപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.
നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ സജീഷ്‌കുമാർ, എസ്.ഐമാരായ പ്രദീപ്, രതീഷ്, സി.പി.ഒമാരായ ആനന്ദരാജൻ, വാസൻ, ബിനോജ്, അജിലേഷ്, റിനു, ഷിജു, ജിത്തു, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി.