
കൊച്ചി: എറണാകുളം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബോസ്‌കോ പുത്തൂർ ഇന്നലെ കുർബാനയ്ക്കിടെ വായിക്കണമെന്ന് നിർദേശിച്ച സർക്കുലർ ഭൂരിപക്ഷം വൈദികരും തള്ളിക്കളഞ്ഞു. 200ലേറെ പള്ളികളിൽ സർക്കുലർ കത്തിച്ചു. അൽമായ മുന്നേറ്റം പ്രവർത്തകരാണ് കുർബാനയ്ക്ക് ശേഷം സർക്കുലർ കത്തിച്ചത്. അതിരൂപതയിലെ 328പള്ളികളിൽ 10ൽ മാത്രമാണ് സർക്കുലർ വായിച്ചത്.
സർക്കുലർ കത്തിച്ചവർക്കും വായിക്കാത്ത വൈദികർക്കുമെതിരെ സഭാനിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് സഭാ നേതൃത്വത്തെ അനുകൂലിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടു. നവ വൈദികർ ഉൾപ്പെടെ ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂവെന്നും ഇടവകയിൽ സഭാവിരുദ്ധയോഗങ്ങൾ ചേരരുതെന്നുമുൾപ്പെടെ നിർദ്ദേശിക്കുന്ന സർക്കുലറാണ് കത്തിച്ചത്.
ബിഷപ്പ് ബോസ്‌കോക്കും കൂരിയക്കുമെതിരെ മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.
ചാരം കാനയിലൊഴുക്കി
കാക്കനാട് വഴക്കാല സെന്റ് ജോസഫ് പള്ളിയിൽ കത്തിച്ച സർക്കുലറിന്റെ ചാരം കാനയിൽ ഒഴുക്കി.
വിശ്വാസികൾക്ക് ദേവാലയങ്ങളിൽ ജനാധിപത്യപരമായ രീതിയിൽ സംവദിക്കാനും യോഗം ചേരാനും വിമർശിക്കാനുമുള്ള അവകാശങ്ങൾ തടയുകയും ഇടവക പൊതുയോഗ തീരുമാനങ്ങൾ ബിഷപ്പ് റദ്ദാക്കുമെന്ന താക്കീതിനുമെതിരെയാണ് പ്രതിഷേധമെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതി അറിയിച്ചു.
ബോസ്‌കോ പുത്തൂരോ കൂരിയയോ പുറത്തിറക്കുന്ന ഒരു സർക്കുലറും നിർദേശങ്ങളും അനുസരിക്കില്ലെന്ന് ഇടവകളിൽ വിശ്വാസികൾ പ്രഖ്യാപിച്ചു. നവവൈദികരെ സ്വന്തം ഇടവകകളിൽ ജനാഭിമുഖമല്ലാതെ ഏകീകൃതകുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
പുറത്താക്കണമെന്ന് സി.എൻ.എ
സഭയുടെ പ്രബോധനങ്ങൾ പരസ്യമായി ലംഘിച്ച വിശ്വാസികൾക്കെതിരെ നടപടിയും വൈദികർക്കെതിരെ കൂദാശവിലക്കും ഏർപ്പെടുത്തണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ ) മേജർ അതിരൂപത ഉന്നതാധികാര സമിതി നേതൃയോഗം ആവശ്യപ്പെട്ടു.
മാർപ്പാപ്പയുടെ പ്രതിനിധി ഒപ്പുവച്ച സർക്കുലർ പള്ളികളിൽ വായിക്കാത്ത പുരോഹിതർക്കും വിലക്ക് ലംഘിച്ച് പള്ളിമുറ്റത്ത് പ്രതിഷേധിച്ച് സർക്കുലർ കത്തിച്ചവർക്കുമെതിരെ എത്രയും വേഗം നടപടിയെടുക്കണം. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വിശ്വാസികളെ ഇടവക പള്ളികളിലെ സ്ഥാനങ്ങളിൽ നിന്ന് നീക്കണം.
യോഗത്തിൽ ചെയർമാൻ ഡോ. എം.പി. ജോർജ് അദ്ധ്യക്ഷനായി. കൺവീനർ ജോസ് പാറേക്കാട്ടിൽ, വക്താവ് ഷൈബി പാപ്പച്ചൻ, പോൾസൺ കുടിയിരിപ്പിൽ, ബൈജു തച്ചിൽ, എം.എ. ജോർജ്, ഷിജു സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, എം.ജെ. ജോസഫ്,ആന്റണി മേക്കാൻ തുരുത്തിൽ, ലാലി ജോസ്, ഡെയ്‌സി ജോയി എന്നിവർ പ്രസംഗിച്ചു.