കൊച്ചി: ഗതാഗതക്കുരുക്കിൽ കൊച്ചി ദിനംപ്രതി തിങ്ങുകയാണ്. ലക്ഷ്യസ്ഥാനത്ത് എപ്പോഴെത്തുമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതി. സമീപജില്ലകളിൽ നിന്നും വാഹനങ്ങളുടെ കുത്തൊഴുക്കാണ്. പൊതുഗതാഗത മാർഗങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന ആഹ്വാനം നഗരജനത വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല. നിലവിലെ പൊതുഗതാഗതത്തിനുള്ള പരിമിതികളും പ്രശ്നമാണ്. സമയക്രമം പാലിക്കുന്ന കൊച്ചി മെട്രോ വലിയ ആശ്വാസമാകുന്നുണ്ട്. എങ്കിലും
ഏകാംഗ യാത്രികരുമായെത്തുന്ന നാലുചക്ര വാഹനങ്ങളുടെ എണ്ണം കൂടുന്നതും കുരുക്കിന് കാരണമാണ്. ഉള്ള സൗകര്യങ്ങൾ വച്ചുള്ള ട്രാഫിക് മാനേജ്മെന്റ് പ്ലാൻ അനിവാര്യമാണ്. അത് അടുത്ത പത്തുവർഷം മുന്നിൽക്കണ്ടുള്ളതാകണമെന്ന് വിദഗ്ദ്ധർ പറയുന്നു.
റോഡ് പ്ലാനിംഗ്
കൊച്ചിയിലെ രണ്ടുവരിപ്പാതകളും നാലുവരിപ്പാതകളും പരിഷ്കരിക്കണം. നാലുവരിപ്പാതകളിൽ ആറുവരിപ്പാതകൾക്ക് വഹിക്കാവുന്നത്ര ഗതാഗതം ഇപ്പോഴുണ്ട്. അതിനാൽ റോഡുകളിൽ 60 % വരുന്ന ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേകവരി വേണം. റോഡിന്റെ വീതി ക്രമീകരിച്ച് ഇത് നടപ്പാക്കാം. കാനകൾക്ക് മുകളിൽക്കൂടിയുള്ള നടപ്പാതയും മെച്ചപ്പെടുത്തണം. സർവീസ് റോഡുകളിൽ തിരക്ക് കുറവാണ്. അവിടം കൂടുതൽ പ്രയോജനപ്പെടുത്തണം.
ബസുകൾ ഇങ്ങനെ പോരാ
കൊച്ചിയിൽ ഇനി മിനി ബസുകളാണ് അഭികാമ്യമെന്ന് വിലയിരുത്തിയിട്ട് വർഷങ്ങളായി. ജൻറം ലോഫ്ലോർ ബസുകൾ കെ.യു.ആർ.ടി.സിയുടെ കെടുകാര്യസ്ഥതയിൽ മിക്കതും കട്ടപ്പുറത്തായി. ബംഗളൂരുവിൽ നഗരസഭയുടെ മേൽനോട്ടത്തിൽ ഇവ ഭംഗിയായി ഓടുന്നുണ്ട്. അതിനാൽ നഗരഗതാഗതത്തിൽ കൊച്ചി കോർപ്പറേഷനും കണ്ണുവയ്ക്കണമെന്നാണ് ആവശ്യം. ഓഫീസ്/സ്കൂൾ സമയങ്ങളിൽ ട്രക്കുകളും മറ്റും അനുവദിക്കാതെ ബസുകൾക്ക് മുൻഗണന നൽകണം. 45 പേർ കയറുന്ന ഒരു കുട്ടിബസ് നല്ല നിലയിൽ നടത്തിയാൽ 20 കാറുകളും 10 ബൈക്കുകളും നിരത്തിൽ നിന്ന് ഒഴിവായേക്കാം. അത്രത്തോളം പാർക്കിംഗ് സ്ഥലവും ലഭ്യമാകും.
ഹബ്ബും ഡിപ്പോകളും അശാസ്ത്രീയം
വൈറ്റില ഹബ് ഉൾപ്പെടെ ബസ് സ്റ്റാൻഡുകൾ പലതും സമയംകൊല്ലിയാണ്. ബസുകൾ കയറിയിറങ്ങിവരാൻ സമയമെടുക്കും. ചിലയിടങ്ങളിൽ റോഡ് മുറിച്ചുകടന്നുവേണം ബസുകളും കാൽനടക്കാരും ഡിപ്പോയിലെത്താൻ. ഇത് അപകടങ്ങളുമുണ്ടാക്കുന്നു. പ്രധാനറോഡിന്റെ ഇരുവശത്തുമായി നീളത്തിലുള്ള ബസ് ബേകളാണ് വിദേശരാജ്യങ്ങളിലുമുള്ളത്. ബസുകൾ നിരയായി നിറുത്താനാകും. സമയനഷ്ടം ഒഴിവാവുകയും ഇരുദിശയിലേക്കുമുള്ള യാത്രക്കാർക്ക് സൗകര്യമാവുകയും ചെയ്യും.
വാഹനപ്പെരുപ്പം
(തിരക്കേറിയ മണിക്കൂറിൽ)
പാലാരിവട്ടം - 19,900+
വൈറ്റില - 17,600+
ഇടപ്പള്ളി- 15,800+
മരട് - 14,400+
ആലുവ മെട്രോ - 10,100+
''ഒരു നഗരത്തിന്റെ രൂപവും ഭാവവും മാറണമെങ്കിൽ പൊതുഗതാഗതം ആധുനികവും കാര്യക്ഷമവും സുരക്ഷിതവുമാകണം. അതിന് സർക്കാരും കോർപ്പറേഷനും പൊലീസും കൈകോർത്ത് ദീർഘവീക്ഷണത്തോടെയുള്ള ട്രാഫിക് മാനേജ്മെന്റ് പ്ലാൻ ഉണ്ടാക്കണം.
ഉപേന്ദ്രനാരായണൻ (റോഡ് സുരക്ഷാ വിദഗ്ദ്ധൻ)