
2024- 25ലെ നീറ്റ് പി.ജി മെഡിക്കൽ സീറ്റുകളിലേക്കുള്ള പുതുക്കിയ ഓൺലൈൻ കൗൺസിലിംഗ് തീയതികൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. സുപ്രീംകോടതിയിൽ നിലവിലുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ സമയക്രമം തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള അനിശ്ചിതത്വം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 50 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകൾ, 100 ശതമാനം ഡീംഡ്, സെൻട്രൽ യൂണിവേഴ്‌സിറ്റി സീറ്റുകൾ, ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിലെ മുഴുവൻ സീറ്റുകൾ എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ സീറ്റുകളിലേക്കാണ് നീറ്റ് പി.ജി റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത്. എം.ഡി, എം.എസ്, ഡി.എൻ.ബി കോഴ്‌സുകളിലേക്കാണ് പ്രവേശനം. നാല് റൗണ്ട് കൗൺസലിംഗ് പ്രക്രിയകളുണ്ട്. നാലാം റൗണ്ട് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌ട്രേ റൗണ്ടും മൂന്നാം റൗണ്ട് മോപ്പ് അപ് റൗണ്ടുമാണ്.
ആദ്യ റൗണ്ട് രജിസ്ട്രേഷൻ 17 വരെ
........................................
ആദ്യ റൗണ്ട് കൗൺസലിംഗിലേക്ക് നവംബർ 17 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.55 വരെ ചോയ്‌സ് ഫില്ലിംഗ് നടത്താം. അന്ന് വൈകിട്ട് മൂന്നു വരെ രജിസ്‌ട്രേഷൻ ഫീസടയ്ക്കാം. 20ന് ആദ്യ റൗണ്ട് ഫലം പ്രസിദ്ധീകരിക്കും. 21-27 വരെ കോളേജിൽ റിപ്പോർട്ട് ചെയ്യാം.
രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ ഡിസംബർ 4 മുതൽ 9 വരെ. ഫലം ഡിസംബർ 12 നു പ്രസിദ്ധീകരിക്കും. മൂന്നാം റൗണ്ട് ഡിസംബർ 26 മുതൽ 2025 ജനുവരി ഒന്നു വരെയാണ്. ഫലം ജനുവരി നാലിനു പ്രസിദ്ധീകരിക്കും. നാലാം റൗണ്ട് ജനുവരി 18 മുതൽ ജനുവരി 21 വരെ. ജനുവരി 24 നു ഫലം പ്രസിദ്ധീകരിക്കും. ജനുവരി 30 നകം കോളേജിൽ റിപ്പോർട്ട് ചെയ്യണം.
26168 എം.ഡി, 13649 എം.എസ് , 922 ഡി.എൻ.ബി സീറ്റുകളിലേക്കാണ് കൗൺസിലിംഗ് പ്രക്രിയ. ഡീംഡ് യൂണിവേഴ്‌സിറ്റികളിലേക്കും അഖിലേന്ത്യ ക്വാട്ടയിലേക്കും പ്രത്യേക രജിസ്‌ട്രേഷൻ ഫീസും തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുമുണ്ട്. www.mcc.nic.in.
സംസ്ഥാനതല പ്രവേശനം
................................
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ, സ്വാശ്രയ/ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് സംസ്ഥാന തലത്തിൽ പ്രവേശന പരീക്ഷാ മേധാവികൾ പ്രത്യേക കൗൺസിലിംഗ് പ്രക്രിയ പ്രഖ്യാപിക്കും. ആദ്യ റൗണ്ട് അലോട്ട്‌മെന്റ് നവംബർ 18- 27 വരെ നടക്കും. രണ്ടാം റൗണ്ട് ഡിസംബർ 12- 23 വരെയും, മൂന്നാം റൗണ്ട് ജനുവരി 7-13 വരെയും, സ്‌ട്രേ റൗണ്ട് ജനുവരി 25 മുതൽ 30 വരെയും നടക്കും. ഫെബ്രുവരി അഞ്ചിനകം പ്രവേശനം നേടണം. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ കൗൺസലിംഗ് പ്രക്രിയകൾക്ക് www.cee.kerala.gov.in, www.tnmedicalselection.netകാണുക.
പുതുച്ചേരി www.centacpuducherry.in വെബ്‌സൈറ്റ് വഴി ചോയ്‌സ് ഫില്ലിംഗ് ചെയ്യാം. കർണ്ണാടക എക്‌സാമിനേഷൻസ് അതോറിറ്റി www.kea.kar.nic.in വഴി ചോയ്‌സ് ഫില്ലിംഗ് ചെയ്യാം. തെലങ്കാന, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
മെഡിക്കൽ പി.ജി കൗൺസലിംഗിൽ പങ്കെടുക്കുന്നവർ ചിട്ടയോടെ അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം. താത്പര്യത്തിനനുസരിച്ച് മൂന്ന് ബ്രാഞ്ചെങ്കിലും കണ്ടെത്തണം. മുൻവർഷങ്ങളിലെ അവസാന റാങ്ക്, ഫീസ് ഘടന എന്നിവ പ്രത്യേകം വിലയിരുത്തണം. ആവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചിത വലുപ്പത്തിൽ അപ്‌ലോഡ് ചെയ്യണം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കൗൺസലിംഗ് പ്രക്രിയയിൽ പങ്കെടുക്കണം.