പെരുമ്പാവൂർ: കേരള സന്ദർശനത്തിന്റെ ഭാഗമായി ആലുവയിൽ എത്തിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അങ്കമാലി - ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ബെന്നി ബെഹനാൻ എം.പി നിവേദനം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്ക് വളരെ സഹായകരമാണ് ഈ പദ്ധതി. കൂടാതെ റെയിൽവേ സൗകര്യം ഇല്ലാത്ത ഇടുക്കി ജില്ല ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് ഇത് ഏറെ ഗുണകരമാണെന്നും നിവേദനത്തിൽ പറയുന്നു. ആലുവ റയിൽവേ സ്റ്റേഷൻ അമൃത് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം ഉൾപ്പെടെയുള്ള സമഗ്രവികസന പദ്ധതികൾ നടപ്പാക്കണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർക്ക് സഹായകരമാകുന്നതും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയതുമായ നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം.
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഫ്ലൈ ഓവർ അനുവദിക്കണം. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും കേന്ദ്രമന്ത്രിയോട് ബെന്നി ബെഹനാൻ എം.പി ആവശ്യപ്പെട്ടു.

നിവേദനം പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായും എം.പി അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എ ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ഷൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തുറ തുടങ്ങിയവർ എം.പിയോടൊപ്പം ആലുവ റെയിൽവേ സ്റ്റേഷനിൽ മന്ത്രി അശ്വനി വൈഷ്ണവിനെ സ്വീകരിച്ചു. സതേൺ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.