പെരുമ്പാവൂർ: ഈ വർഷത്തെ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് പെരുമ്പാവൂർ കുറുപ്പുംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ വേദിയാകും. നവംബർ 25 മുതൽ 29 വരെ 16 ഓളം വേദികളിലായി നടക്കുന്ന മൽസരത്തിൽ 14ഉപജില്ലകളിൽ നിന്നായി എണ്ണായിരത്തോളം പ്രതിഭകൾ മാറ്റുരക്കും. കുറുപ്പുംപടി എം.ജി എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം അഡ്വ. എൽദോസ് കുന്നപ്പിളളി എം.എൽ.എ ഉദ്ഘാടനംചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി. അജയകുമാർ, ഷിജി ഷാജി, പി.പി അവറാച്ചൻ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി പി.രാജീവ്, ജില്ലയിലെ എം.പിമാർ എന്നിവർ രക്ഷാധികാരികളും
അഡ്വ. എൽദോസ് കുന്നപ്പിളളി എം.എൽ.എ ചെയർമാനായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വർക്കിംഗ് ചെയർമാനായും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറുമായും 251 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.