അങ്കമാലി: എറണാകുളം മഞ്ഞപ്രയിൽ പാർട്ടി അംഗങ്ങളായ തൊഴിലുറപ്പ് സ്ത്രീകളെ കൂലി കൊടുക്കാതെ പീഡിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തൊഴിലുറപ്പ് സ്ത്രീകൾ ആക്രമിച്ചുവെന്ന വ്യാജവാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്ന് ലോക്കൽ സെക്രട്ടറി ഐ.പി. ജേക്കബ് പറഞ്ഞു.
നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയും വാർത്തയും പൂർണമായും അസത്യവും വസ്തുതാ വിരുദ്ധവുമാണ്. വീഡിയോയിൽ പറയുന്ന ഉണ്ണികൃഷ്ണൻ എന്നുപേരുള്ള ആൾ ഇതുവരെയും മഞ്ഞപ്രയിൽ ബ്രാഞ്ച് സെക്രട്ടറിയായിട്ടില്ല. പാർട്ടിയെ പൊതുസമൂഹത്തിൽ അവഹേളിക്കുന്നതിനും തകർക്കുന്നതിനും വേണ്ടി മനഃപ്പൂർവം സൃഷ്ടിച്ച വ്യാജ വീഡിയോയാണ് ഇത്. ഇതിനെതിരെ കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ആലുവ സൈബർ പോലീസിനും പരാതി നൽകിയിട്ടുണ്ട്. തെറ്റായ വീഡിയോ ഷെയർ ചെയ്യുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും തുടർനടപടികൾ സ്വീകരിക്കുമെന്നും ഐ.പി. ജേക്കബ് പറഞ്ഞു.