വൈപ്പിൻ: മുനമ്പം തീരപ്രദേശത്ത് നൂറ്റാണ്ടുകളായി താമസിക്കുന്നവരുടെ റവന്യൂ രേഖകൾക്കായുള്ള സമരത്തിൽ സി.പി.എം അവർക്കൊപ്പമാണെന്ന് വൈപ്പിൻ ഏരിയ കമ്മിറ്റി സെക്രട്ടറി എ.പി. പ്രിനിൽ പറഞ്ഞു. ഇറക്കിവിടാൻ പോകുന്നുവെന്ന് പറഞ്ഞ് തീരദേശവാസികളെ പരിഭ്രാന്തിയിലാക്കി അതിൽനിന്ന് മുതലെടുക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തുന്നത്. ഇതിന്റെ മറവിൽ സാമുദായിക ധ്രുവീകരണത്തിനും ജനങ്ങളെ വിഘടിപ്പിക്കാനും ശ്രമം നടക്കുന്നു.
ഭൂമിയുടെ കരമടക്കുന്നത് വഖഫ് ബോർഡ് സി.ഇ.ഒയുടെ ഉത്തരവിനെതുടർന്ന് റവന്യൂ വകുപ്പ് നിർത്തിവെച്ചു. ഇതേതുടർന്ന് 2022 ഏപ്രിൽ 20ന് സി.പി.എം നേതൃത്വത്തിൽ ഇവിടത്തെ താമസക്കാർ സമരം ആരംഭിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വഴി മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചർച്ച ചെയ്യുകയും റവന്യൂ രേഖകൾ നൽകൽ പുനരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇതിനെതിരെ മുസ്ലിംലീഗുമായി ബന്ധപ്പെട്ട രണ്ടുപേർ വഖഫ് സംരക്ഷണ സമിതി എന്ന പേരിൽ ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി സർക്കാർ നടപടി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കാനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്. ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ നടത്തിയിരുന്നത് കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന അന്തരിച്ച അഡ്വ. എം.വി. പോൾ ആയിരുന്നു. ഈ ഭൂമി വിൽക്കുന്നതിനായി അദ്ദേഹത്തിന് ഫറൂഖ് കോളേജ് മുക്ത്യാർ നൽകി. 14 പ്ലോട്ടുകൾ കോളേജ് നേരിട്ടും ബാക്കിയുള്ളത് അദ്ദേഹം മുഖാന്തരവുമാണ് ക്രയവിക്രയങ്ങൾ നടന്നത്.
സമരത്തിന് പിന്നിൽ സംഘപരിവാറാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടെന്നും പ്രസ്താവനയിൽ എ. പി. പ്രിനിൽ പറഞ്ഞു.
കോടതി നടപടി തീരുന്നതോടെ താമസിക്കാർക്ക് റവന്യൂ രേഖകൾ നൽകാനാകുമെന്നും ആരെയും കുടിയൊഴിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. 16ന് മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. അതിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.