തൃപ്പൂണിത്തുറ: നഗരസഭ ബി.ജെപി പാർലമെന്ററി പാർട്ടി പ്രതിനിധികൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സന്ദർശിച്ച് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വികസനവും ട്രെയിനുകളുടെ സ്റ്റോപ്പുകൾ വർദ്ധിപ്പിക്കുന്നതും സംബന്ധിച്ച നിവേദനം നൽകി.
തൃപ്പൂണിത്തുറയിൽ ജയന്തി ജനത, മലബാർ എക്സ്‌പ്രസ് എന്നീ ട്രെയിനുകൾക്ക് ഇരു ദിശയിലേക്കും സ്റ്റോപ്പ് അനുവദിക്കുക, കേരള എക്സ്‌പ്രസ്, ശബരി എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ശ്രീപൂർണത്രയീശ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം എന്നിവ ബന്ധിപ്പിച്ചുള്ള പിൽഗ്രിം ടൂറിസത്തിന് പ്രോത്സാഹനമായി ഗുരുവായൂർ എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃപ്പൂണിത്തുറയിൽനിന്ന് ആരംഭിക്കുക, കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
പാർലമെന്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ, കൗൺസിലർമാരായ യു. മധുസൂദനൻ, രാധിക വർമ്മ, മണ്ഡലം ജനറൽ സെക്രട്ടറി സമീർ ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജി എന്നിവർ പങ്കെടുത്തു. കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ, മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം നൽകിയത്.