
കൊച്ചി: ഒറ്റക്ലിക്കിൽ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ കാഴ്ചകളൊരുക്കി പൊതു വിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്‍ (കൈറ്റ്). അത്‍ലറ്റിക്സ് - ഗെയിംസ് മത്സരങ്ങൾ ആദ്യമായി ഒരുമിച്ച് മേളയിലെ
സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ 730 മത്സര ഇനങ്ങളുടെ മുഴുവൻ വിശദാംശങ്ങളും കൈറ്റ് തയ്യാറാക്കിയ www.sports.kite.kerala.gov.in പോർട്ടലിൽ ലഭിക്കും.
17 വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കാഡുകളും പോർട്ടലിൽ ലഭിക്കും. ഫലങ്ങൾ ജില്ല, സ്കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും പോർട്ടലിൽ ലഭ്യമാക്കും.
ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡിയും (സ്കൂള്‍ സ്പോർട്സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പർ) നിലവിലുണ്ട്. രജിസ്ട്രേഷനായി പ്രത്യേകം മൊബൈൽ ആപ്പും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്‌സ്
എല്ലാ ദിവസവും രാവിലെ 6. 30ന് മത്സരങ്ങൾ ആരംഭിക്കുന്നതു മുതൽ മത്സരങ്ങൾ അവസാനിക്കുന്ന രാത്രി എട്ടു മണിവരെ
പ്രധാനപ്പെട്ട മൂന്ന് വേദികളിൽ നടക്കുന്ന ദൃശ്യങ്ങളാണ് കൈറ്റ് വിക്‌ടേഴ്‌സ് തത്സമയ സംപ്രേഷണം നടത്തുക. ഇതിന് പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിലാണ് സ്റ്റുഡിയോ ഫ്ലോർ സജ്ജീകരിക്കുന്നത്. കടവന്ത്ര സ്പോർട്സ് ഹബ്, കോതമംഗലം എം.എ കോളേജ് എന്നി കേന്ദ്രങ്ങളിലും കവറേജ് നടത്തും. മറ്റു വേദികളിൽ നിന്നുള്ളവ ഡിഫേർഡ് ലൈവാവും സംപ്രേഷണം.
അഞ്ചാം വേദിയായ കണ്ടൈനർ റോഡിൽ മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ നടക്കുന്ന സൈക്ലിംഗ് സ്റ്റഡി ക്യാമും ഹെലിക്യാമും ഉപയോഗിച്ച് തത്സമയ സംപ്രേഷണം നടത്തും. സ്പ്രിന്റ് ഇനങ്ങൾ പോലുള്ളവ ചിത്രികരിക്കുന്നതിനു ഹെലിക്യാം ഉണ്ടാവും.
സ്‌കൂൾ വിക്കി, ലിറ്റിൽ കൈറ്റ്സ്
സ്‌കൂളുകളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്‌കൂൾ വിക്കി പോർട്ടലിൽ (www.schoolwiki.in) എല്ലാ വേദികളിൽ നിന്നുമുള്ള ചിത്രങ്ങൾ തുടർച്ചയായി ലഭ്യമാകും. ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിലാണ് ഡോക്യൂമെന്റഷൻ.