അങ്കമാലി: കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ഇൻഫൊർമേഷൻ ടെക്‌നോളജിയിലെ മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ ആറ് ദിവസത്തെ ഗ്രാമീണ ബോധവത്കരണ രൂപാന്തരം ക്യാമ്പ് സമാപിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജെസി ജോൺ, അസിസ്റ്റന്റ് പ്രൊഫസർ റെനി വി. കാലായിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ഗ്രാമീണ ജനതയിൽ അവബോധം വളർത്തുന്നതിനും സാമൂഹിക ഇടപെടലുകളിലും സേവനത്തിലും വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നൽകാനും ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി വിളംബരജാഥയും തെരുവുനാടകവും നടന്നു . കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഫാ.അരുൺ വലിയതാഴത്ത് സർവേ സംബന്ധിച്ച ക്ലാസുകൾ എടുത്തു. സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകനും പ്രോഗ്രാം കോഓർഡിനേറ്ററുമായ ഫാ. സിജു പടയാട്ടിൽ സർവേക്ക് നേതൃത്വം നൽകി. മാന്നാൻ,മുതുവാൻ ആദിവാസി ഗോത്രങ്ങളുടെ ജീവിതവും സംസ്കാരവും വിശദമായി മനസിലാക്കുന്നതിന് ക്യാമ്പ് സഹായകരമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.