കോലഞ്ചേരി: ശ്രേഷ്ഠ ബാവയുടെ സംസ്കാര ചടങ്ങുകൾക്കും ഇന്നലെ നടന്ന നാലാം ഓർമ്മദിനത്തിലെ കുർബാനക്കുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ ദേശീയ പാതയിലെ തിരക്ക് നിയന്ത്രിച്ച് വിശ്വാസികൾക്ക് ആരാധനയ്ക്ക് സുഗമമായ സൗകര്യമൊരുക്കിയ പൊലീസിനെ നവ മാദ്ധ്യമങ്ങളുടെ കൈയടി. കൊച്ചിയിൽ നിന്നും മൂന്നാർ അടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കായി വിദേശികളടക്കം ഉപയോഗിക്കുന്ന പ്രധാന പാതയായ കൊച്ചി ധനുഷ്കോടി ദേശീയ പാതയ്ക്ക് സമീപമാണ് ചടങ്ങുകൾ നടന്നത്. എന്നാൽ സാധാരണയുള്ള വാഹന തിരക്കുകളേക്കാൾ കുറഞ്ഞ രീതിയിൽ കുറ്റമറ്റ ട്രാഫിക് നിയന്ത്രണമായിരുന്നു പൊലീസ് ഏർപ്പെടുത്തിയിരുന്നത്. ഇടക്കി എസ്.പി വിഷ്ണു പ്രദീപ്, പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട്രാഫിക് നിയന്ത്രണ നടപടികൾ പൂർത്തിയാക്കിയത്. ഡിവൈ.എസ്.പിമാരായ എസ്.ജയകൃഷ്ണൻ, പി.എം. ബൈജു എന്നിവരും പൊലീസ് ഇൻസ്പെക്ടർമാരായ കെ.പി. ജയപ്രസാദ്, വി.എം. കേഴ്സൺ, കെ.എൻ. മനോജ്, മനേഷ് പൗലോസ്, ഇന്ദ്രരാജ്, കെ.എസ്. സന്ദീപ്, രതീഷ് ഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.