കൊച്ചി: ആരോഗ്യ, കാർഷിക, വ്യവസായ മേഖലകളുടെ മുന്നേറ്റത്തിന് ആധുനിക കേരളം ഡോ. പല്പുവിനോട് കടപ്പെട്ടിരിക്കുന്നതായി എസ്.എൻ. ഡി.പി യോഗം പ്രസിഡന്റ് ഡോ. എം. എൻ. സോമൻ പറഞ്ഞു. നവകേരള ശില്പികളിൽ പ്രമുഖനാണദ്ദേഹം. കുടിൽ വ്യവസായത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിയുകയും അനീതിക്കും അസമത്വത്തിനും എതിരെ പോരാട്ടം നടത്തുകയും ചെയ്തു. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടിപ്പിച്ച 161ാമത് ഡോ. പല്പു ജയന്തി സംഗമവും ദശാബ്ദി പുരസ്‌കാരദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധർമ്മ പ്രചാരകനും പഠന കേന്ദ്രങ്ങളുടെ മുഖ്യകാര്യദർശിയുമായ ചേന്ദമംഗലം എം.വി. പ്രതാപൻ പുരസ്‌കാരം ഏറ്റുവാങ്ങി. ശ്രീനാരായണ സേവികാ സമാജത്തിലെ വിദ്യാർത്ഥികളായ അനില അനിൽ, ശാലിനി, ആതിര ബാബു , എസ്. അജിത, നന്ദന കൃഷ്ണ എന്നിവർക്ക് പ്രതിഭാ ദശാബ്ദി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറിയും ആലുവ ശ്രീനാരായണ ക്ലബ് പ്രസിഡന്റുമായ കെ.എസ്. സ്വാമിനാഥൻ മുഖ്യാതിഥിയായി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിച്ചു.
കുന്നത്തുനാട് യൂണിയൻ മുൻ സെക്രട്ടറി എ.ബി. ജയപ്രകാശ്, ഡോ പല്പു ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, വൈസ് ചെയർമാൻ വി.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഡൽഹി യൂണിയൻ മുൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, ആലുവ ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ സി.പി. ബേബി, പച്ചാളം ശാഖായോഗം വനിതാ സംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, കുറുമശേരി രാധാകൃഷ്ണൻ, ടി.യു. ലാൽ, കമലാക്ഷി ശങ്കരൻ, വി.ഡി. ജപാൽ, ബിന്ദു ഷാജി, ലൈല സുകുമാരൻ, ഡോ. പി.ടി. ലളിത, പി.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.