
കൊച്ചി: സ്കൂൾ കായിക മേളയ്ക്ക് കനത്ത സുരക്ഷ ഒരുക്കി പൊലീസ്. ആയിരത്തോളം പൊലീസുകാരെ ഉൾപ്പെടുത്തി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 10 എ.സി.പിമാർ, 20 സി.ഐ.മാർ, 185 എസ്.ഐ, എ.എസ്.ഐമാർ ഉൾപ്പെടെ 850 പൊലീസ് ഉദ്യോഗസ്ഥരെ 13 വേദികളിലും മത്സരാർത്ഥികളുടെ താമസസ്ഥലങ്ങളിലും വിന്യസിക്കും. പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കി. പരാതികൾ ഉണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾ പുരോഗമിക്കുന്നതനുസരിച്ച് ഗതാഗതക്രമീകരണങ്ങളിൽ മാറ്റമുണ്ടായാൽ അറിയിക്കും. വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിവിധ കോ ഓർഡിനേറ്റർമാരുമായി സഹകരിച്ചാണ് പൊലീസ് നടപടികൾ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴ് വരെയാണ് മത്സരക്രമം. രണ്ട് ഷിഫ്റ്റായാണ് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു.
സവിശേഷ പരിഗണന അർഹിക്കുന്നവരെ
മുന്നോട്ട് കൊണ്ടുവരും: മന്ത്രി വി. ശിവൻകുട്ടി
കൊച്ചി: സവിശേഷപരിഗണന അർഹിക്കുന്നർക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകി മുന്നോട്ടു കൊണ്ടുവരുകയാണ് സർക്കാർ ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഇതിന്റെ ഭാഗമായാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി ഇൻക്ലൂസീവ് ഇനങ്ങളെ ഉൾപ്പെടുത്തിയത്. ഇൻക്ലൂസീവ് സ്പോർട്സ് ഒഫിഷ്യൽസിനുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തുല്യത ഉറപ്പാക്കുംവിധമാണ് ഇൻക്ലൂസീവ് സ്പോർട്സ് മാന്വൻ തയ്യാറാക്കിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചത്. പെൺകുട്ടികൾക്കുള്ള ഹാൻഡ് ബാൾ, ആൺകുട്ടികൾക്കുള്ള ഫുട്ബാൾ, മിക്സഡ് ബാഡ്മിന്റൻ, 4 - 100 മീറ്റർ മിക്സഡ് റിലേ, 100 മീറ്റർ ഓട്ടം, സ്റ്റാൻഡിംഗ് ജംബ്, സ്റ്റാൻഡിംഗ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിലെ 1,600 ലധികം കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കായികതാരങ്ങൾക്കായുള്ള ജെഴ്സി, ട്രാക്ക് സ്യൂട്ട് തുടങ്ങിയവ പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അതത് ജില്ലകൾ ഒരുക്കിയിട്ടുണ്ട്.