h
മരങ്ങൾ മുറിച്ചിട്ട നിലയിൽ

ചോറ്റാനിക്കര: തലക്കോട് തുപ്പംപടി റോഡിൽ തലക്കോട് അയ്യപ്പസ്വാമി ക്ഷേത്രത്തിനുസമീപം റോഡരികിൽ നിന്നിരുന്ന 35 വർഷത്തിലധികം പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റിയതിൽ വിവാദം പുകയുന്നു. പഞ്ചായത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിൽക്കുന്ന മരങ്ങളാണ് മുപ്പതിനായിരം രൂപയ്ക്ക് ക്ഷേത്ര ഭാരവാഹികൾ ശനിയാഴ്ച മുറിച്ച് നീക്കിയതെന്നാണ് പരാതി.

നാല് അക്കോഷ്യ മരങ്ങളും ഒരു പൊങ്ങല്യവുമാണ് അപകടാവസ്ഥയിൽ ആണെന്ന് കാണിച്ച് മുറിച്ചുമാറ്റിയത്.

സംഭവത്തെക്കുറിച്ച് സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ചു.

സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും.

പൊതു സ്ഥലത്തെ മരം മുറിക്കണമെങ്കിൽ ജില്ലാ ട്രീ കമ്മിറ്റിയുടെ അനുമതി വേണമെന്നിരിക്കെ അതുണ്ടായില്ലെന്നും പരാതിയുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായും സാമൂഹിക വനവത്കരണ വിഭാഗം മേധാവി കൺവീനറുമായ ട്രീ കമ്മിറ്റിയിൽ രണ്ട് പരിസ്ഥിതി പ്രവർത്തകരുണ്ട്. എല്ലാമാസവും ചൊവ്വാഴ്ച ചേരുന്ന ട്രീ കമ്മിറ്റിയിൽ അപേക്ഷകൾ ചർച്ചയ്ക്ക് എടുത്തതിനുശേഷമാണ് മരംമുറിക്കുള്ള അനുമതി നൽകുന്നത്. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവിടങ്ങളിലെ പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും അടങ്ങുന്ന സംഘം പരിശോധന നടത്തി വേണം അനുമതി നൽകാൻ. ഇതൊന്നും പാലിക്കാതെയാണ് മരംമുറി നടന്നിരിക്കുന്നത്.

''ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നിട്ടുള്ള മരമാണ് വെട്ടി മാറ്റിയത്"".

ക്ഷേത്രം ഭാരവാഹികൾ