പറവൂർ: വെടിമറയിലെ മാലിന്യസംഭരണ കേന്ദ്രത്തിൽ വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ബയോമൈനിംഗ് വൈകുന്നത് ഓരോ ദിനം പിന്നിടുമ്പോഴും അപകടകരമാകുന്നു. ബയോമൈനിംഗ് കഴിഞ്ഞ വർഷം ഒക്ടോബറിലും പിന്നീട് ഈ വർഷം ആദ്യവും പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വേൾഡ് ബാങ്കും സോളിഡ് വേസ്റ്റ് മാനേജ്മെന്റും പദ്ധതി നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനവും തമ്മിലുള്ള കരാർ വ്യവസ്ഥ പൂർത്തിയാകാതെ വന്നതോടെയാണ് വൈകുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 15ന് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഉദ്യോഗസ്ഥർ ഡമ്പിംഗ് ഗ്രൗണ്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ടോട്ടൽ സ്റ്റേഷൻ സർവേ, ഡ്രോൺ സർവേ, സോയിൽ ഇൻവെസ്റ്റിഗേഷൻ എന്നിവ നടത്തി. ആദ്യഘട്ടത്തിലെ ഡി ഡസ്റ്റർ, ബൈലിംഗ് മെഷീൻ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഇനി ആർ.ആർ.എഫ് സംവിധാനം ഉൾപ്പെടെയുള്ളവ സ്ഥാപിക്കേണ്ടതുണ്ട്. വേൾഡ് ബാങ്ക് പ്രതിനിധികളും സ്ഥലം സന്ദർശിച്ചിരുന്നു.

പറവൂർ നഗരസഭ പത്താം വാർഡിൽ മൂന്ന് ഏക്കറിലധികം വരുന്ന സ്ഥലത്താണ് മാലിന്യസംസ്കരണ കേന്ദ്രം. പതിറ്റാണ്ടുകളായി നിക്ഷേപിച്ച മാലിന്യങ്ങൾ ഇവിടെ കുന്നുകൂട്ടിയിട്ടിരിക്കുന്നു. പ്ളാസ്റ്റിക്, ലോഹം, ചില്ല് എന്നീ മാലിന്യങ്ങൾ കൂടികലർന്നാണ് കിടക്കുന്നത്. പറവൂർ മാർക്കറ്റ്, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇവ.

പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതികൾ

സംസ്കരിക്കാനുള്ളത് 300 ടണ്ണിലേറെ മാലിന്യം.

മാലിന്യ സംസ്കരണത്തിന് രണ്ട് പതിറ്റാണ്ട് മുമ്പേ തയ്യാറാക്കിയത് നിരവധി പദ്ധതികൾ

പ്ളാസ്റ്റിക്കും ഖരമാലിന്യങ്ങളും സംസ്കരിക്കാനുള്ള ഈ പദ്ധതികളെല്ലാം പാളി

ആകെയുള്ളത് ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കുന്ന മണ്ണിര കമ്പോസ്റ്റ് യൂണിറ്ര് മാത്രം

മുന്നറിയിപ്പുകളെ അവഗണിച്ച് നഗരസഭ

മാലിന്യകേന്ദ്രത്തിന് തീപിടിച്ചാൽ അണയ്ക്കാൻ പ്രയാസമെന്ന് വർഷങ്ങൾക്ക് മുമ്പേ ഫയർഫോഴ്സ് റിപ്പോർട്ട് നൽകിയിട്ടുണ്ട്

തീപിടുത്തമുണ്ടായാൽ സമീപത്തെ വലിയൊരു മേഖലയിലുള്ളവർക്ക് ശ്വാസതടസം ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകും

2020ലെ തീപിടുത്തം അണച്ചത് ഏഴ് യൂണിറ്റുകളിൽ നിന്ന് പത്ത് ഫയർ എൻജിനുകൾ എത്തി

അന്ന് മൂന്ന് വാർഡുകളിലുള്ളവർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനാൽ മെഡിക്കൽ ക്യാമ്പുകൾ തുറക്കേണ്ടിവന്നു

വർഷക്കാലത്ത് സാംക്രമിക രോഗങ്ങൾ പടരുമെന്നും സമീപവാസികൾക്ക് ആശങ്ക

ബയോമൈനിംഗ് പദ്ധതി വൈകുന്നതിനാൽ നഗരസഭക്ക് ആശങ്കയുണ്ട്. ഓരോ ദിവസവും ആശങ്ക കൂടിവരികയാണ്. ബയോമൈനിംഗ് സംവിധാനം എത്രയും വേഗം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡെപ്യൂട്ടി മാനേജർ ബീന എസ്. കുമാറിനെ സന്ദർശിച്ച് കത്ത് നൽകിയിട്ടുണ്ട്.

ബീന ശശിധരൻ,

ചെയർപേഴ്സൺ

പറവൂർ നഗരസഭ