pic

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ അടുക്കളകൾ വീറും വാശിയുമുള്ള മത്സരവേദി പോലെയായി. കായികതാരങ്ങൾക്ക് നാലുനേരം ഭക്ഷണമൊരുക്കുന്നതാണ് വിവിധ ഇടങ്ങളിലെ പാചകപ്പുരകളിലെ മത്സരം. രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ സ്വർണമെഡലിന് എല്ലാവരും തുല്യർ !

കളമശേരി സെന്റ് ജോസഫ്‌ സ്‌കൂൾ, കൊച്ചി വെളി ഇ.എം.ജി.എച്ച്.എസ്.എസ്, മഹാരാജാസ് ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ്. പനമ്പിള്ളി നഗർ, ജി.എച്ച്.എസ്.എസ്.എസ് കടയിരുപ്പ്, കോതമംഗലം എം.എ കോളേജ് എന്നിവിടങ്ങളിലാണ് അടുക്കള. ഏഴിടത്തും ഭക്ഷണം ഒരുപോലെ.

പുലർച്ചെ മൂന്നിന് അടുക്കള ഉണരും. രാവിലെ ചായ മുതൽ വൈകിട്ട് അത്താഴം വരെയുള്ള ഒരുക്കണങ്ങളാണ് പിന്നെ. പാചകക്കാർക്കും നൂറിലധികം സഹായികളും ആവേശത്തോടെ രംഗത്തുണ്ട്.

ഇന്ന് രാവിലെ ഇഡ്‌ലി. ഉച്ചയ്ക്ക് ചോറും ബീഫും. വൈകിട്ട് ചെറുകടി. രാത്രി ചപ്പാത്തിയും ചിക്കനും എന്നിവ വിളമ്പും. എല്ലാത്തിനും പഴയിടത്തിന്റെ നേതൃത്വം. സമാപന ദിവസം ബിരിയാണി വരെയുണ്ട് വിഭവങ്ങൾ. ആദ്യ ദിവസം വൈകിട്ട് ചപ്പാത്തിയും മുട്ടക്കറിയുമാണ് വിളമ്പിയത്.