കൊച്ചി: കെട്ടിട ഉടമകൾ വാടകയ്‌ക്കു മേൽ ജി.എസ്.ടി അടച്ചില്ലെങ്കിൽ രജിസ്റ്റേഡ് വ്യാപാരി അടയ്ക്കണമെന്ന നിബന്ധനയ്‌ക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ 12ന് എല്ലാ ജില്ലയിലെയും ജി.എസ്.ടി ഓഫീസുകൾക്ക് മുന്നിൽ സമരം ചെയ്യും. ഹോട്ടലുകൾക്കുള്ള ജി.എസ്.ടി ഒരുശതമാനമായി കുറയ്ക്കുക, ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഹോട്ടൽ മേഖലയ്‌ക്കും നൽകുക, വാടകയ്‌ക്കുള്ള ജി.എസ്.ടി. പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
പാചകവാതകം, ഭക്ഷ്യയെണ്ണ തുടങ്ങിയവയുടെ വില കുതിച്ചുയരുകയാണ്. പിടിച്ചുനിൽക്കാൻ പറ്റാത്ത പ്രതിസന്ധിക്കിടെയാണ് ജി.എസ്.ടിയുടെ അധികബാദ്ധ്യത അടിച്ചേൽപ്പിക്കുത്. ഡിസംബറിൽ പാർലമെന്റ് മാർച്ച് അടക്കമുള്ള സമരങ്ങൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
നവംബർ എഴിന് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി നടത്തുന്ന രാജ്ഭവൻ മാർച്ചിന് പിന്തുണ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ അസീസ് മൂസ, വി.ടി. ഹരിഹരൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, ട്രഷറർ മുഹമ്മദ് ഷെരീഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.