കൊച്ചി: പൊന്നാനി പീഡന പരാതിയിൽ ആരോപണ വിധേയനായ സി.ഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് 13ന് വിധി പറയും. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ചിൽ വാദം പൂർത്തിയായി. കേസ് തീർപ്പാകും വരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
വിനോദിന് പുറമേ മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി എന്നിവർക്കെതിരെയും യുവതി പരാതിയുന്നയിച്ചിരുന്നു.2022ലെ സംഭവത്തിൽ ഇനിയും കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജിയിൽ നേരത്തേ അന്വേഷണത്തിന് ഉത്തരവിടാൻ മജിസ്‌ട്രേറ്റിനോട് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. പരാതി പരിഗണിച്ച മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടടക്കം കണക്കിലെടുത്തായിരുന്നു ഇത്. ഇതിനെതിരെയാണ് സി.ഐ.അപ്പീൽ നൽകിയത്.
വീടിന്റെ അവകാശ തർക്കത്തിന് പരിഹാരം തേടി ചെന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥർ മാനംഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.