കോലഞ്ചേരി: സംസ്ഥാന സ്‌കൂൾ കായിക മേളയുടെ പ്രധാന വേദികളിലൊന്നായ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് മത്സരങ്ങൾക്കു തുടക്കമാകും. ഉച്ചയ്ക്ക് 12ന് മത്സരങ്ങളുടെ ഉദ്ഘാടനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കും. ഐ.ബി.എസ് സോഫ്ട് വെയർ കമ്പനിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് മുഖ്യാതിഥിയും സ്‌കൂൾ ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ അദ്ധ്യക്ഷനുമാകും. സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി.പോൾ, പ്രിൻസിപ്പൽ ഹണി ജോൺ തേനുങ്കൽ എന്നിവർ സംസാരിക്കും. ഇന്നു മുതൽ 11 വരെ വോളിബാൾ, ബോൾ ബാഡ്മിന്റൻ, വുഷു എന്നീ മത്സരങ്ങളാണ് സെന്റ് പീ​റ്റേഴ്‌സ് സ്‌പോർട്‌സ് സെന്ററിലും സ്‌കൂൾ ഗ്രൗണ്ടിലുമായി നടക്കുക. കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് സ്‌കൂൾ ആദ്യമായാണ് സംസ്ഥാന കായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള താമസ സൗകര്യം സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.