വൈപ്പിൻ: മുനമ്പം ഭൂമി തർക്കം പരിഹരിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഒരു മുസ്ലീം സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ താമസക്കാർക്ക് ഉപാധികളില്ലാതെ ഭൂമി നല്കണം. മുനമ്പത്തെ 404 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ വഖഫ് ബോർഡ് നിയമനപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങൾ പരിശോധിച്ചാൽ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയിൽപ്പെടുന്നതല്ലെന്ന് വ്യക്തമാണ്. 2006 - 11 കാലത്ത് സർക്കാർ നിയോഗിച്ച നിസാർ കമ്മീഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മീഷൻ ഈ വിഷയം ആഴത്തിൽ പഠിച്ചിട്ടില്ലെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്.
പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാൻ കഴിയുന്ന വിഷയമാണിത്. ഈ വിഷയത്തിന്റെ പേരിൽ കേരളത്തിൽ വർഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിക്കുന്നത് തടയണം. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ സർവകക്ഷിയോഗം അനിവാര്യമെന്നും വി.ഡി. സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.