mazha
ശക്തമായ മഴയെതുടർന്ന് എം.സി റോഡ് അരമനപ്പടിയിൽ രൂപപ്പെട്ട വെള്ളക്കെട്ട്

മൂവാറ്റുപുഴ: തുലാമഴ കനത്തതോടെ മൂവാറ്റുപുഴ നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതകുരുക്കും രൂക്ഷമായി. നഗരത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയാണ് നഗരത്തെ ദുരിതത്തിലാക്കിയത്. എം.സി റോഡിൽ വാഴപ്പിള്ളി മുതൽ രൂപപ്പെട്ട വെള്ളക്കെട്ട് വെള്ളൂക്കുന്നം, കച്ചേരിത്താഴം, അരമനപടി പി.ഒ ജംഗ്ഷൻ, ലതപടി, കീച്ചേരിപ്പടി എന്നിവിടങ്ങളിലെല്ലാം രൂക്ഷമായി. പേട്ട റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡരികിലെ വീടുകളിലെല്ലാം വെള്ളം കയറി. നഗരത്തിൽ ഗതാഗതകുരുക്കും രൂക്ഷമായി. നാല് മണിയോടെ ആരംഭിച്ച ഗതാഗതകുരുക്കിന് നേരിയ ശമനമായത് രാത്രി 7മണിയോടെയാണ്. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമടക്കം കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓടകളിൽ വെള്ളം നിറഞ്ഞതോടെയാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിൽ വെള്ളം നിറഞ്ഞതോടെ ഓടയും റോഡും ഏതാണെന്ന് വാഹനയാത്രക്കാർക്ക് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ കടകളിലേക്ക് വെള്ളം കയറുന്നുവെന്ന് വ്യാപാരികളും പരാതിപ്പെട്ടു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കാന നിർമ്മാണവും വെള്ളക്കെട്ടിന് ഇടയാക്കി. മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നിന്ന് മഴവെള്ളം ഒഴുകി പോകാനുള്ള ഓട ചിലർ അടച്ചതോടെ ഹോട്ടലിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് ഏരിയയിലും വെള്ളം നിറഞ്ഞു.