കൊച്ചി: സൗത്ത് ഇന്ത്യൻബാങ്ക് ക്ഷേത്രങ്ങൾക്കുള്ള സമ്പൂർണ ഡിജിറ്റൽ സൊല്യൂഷനായ എസ്.ഐ.ബി ടെമ്പിൾ സൊല്യൂഷൻസ് ചോറ്റാനിക്കര ദേവിക്ഷേത്രത്തിനു കൈമാറി. ഭക്തർക്ക് സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ കിയോസ്‌കാണിത്.
വഴിപാടുകൾ, രസീതുകൾ, മറ്റു വിവരങ്ങൾ എന്നിവ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് കിയോസ്‌ക് സ്ഥാപിച്ചത്. വഴിപാടുകൾ ശീട്ടാക്കാനും വഴിപാട് തുക ക്യു.ആർ കോഡ് ഉപയോഗിച്ച് അടയ്ക്കാനും സാധിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭിക്കും. ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ ആഗോള സേവനദാതാക്കളായ സെനിയ സൊലുഷനുമായി സഹകരിച്ചാണ് കിയോസ്‌ക് സ്ഥാപിച്ചത്.
സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ബിജി എസ്.എസ്, ജോയിന്റ് ജനറൽ മാനേജരും എറണാകുളം റീജണൽ ഹെഡുമായ മധു .എം, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.ബി. മുരളീധൻ, പ്രേംരാജ്, ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.